Saturday, October 19, 2024
National

ഓണം ഒരു ആഗോള ഉത്സവമായി മാറി, സന്തോഷവും സമൃദ്ധിയും ഉണ്ടാകട്ടെ; പ്രധാനമന്ത്രി

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ കൂറേ വർഷങ്ങളായി ഓണം ഒരു അഗോള ഉത്സവമായി മാറിയെന്നും അത് കേരളത്തിന്റെ മാനോഹരമായ സംസ്കാരത്തെ ലോകത്തിന് മുമ്പിൽ പ്രദർശിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി തന്റെ ആശംസയിൽ അറിയിച്ചു. ജീവിതത്തിൽ നല്ല ആരോഗ്യവും സമാനതകളില്ലാത്ത സന്തോഷവും അപാരമായ സമൃദ്ധിയും ഉണ്ടാകട്ടെയും അദ്ദേഹം ആശംസിച്ചു.

എല്ലാ മലയാളികൾക്കും ഓണശംസയുമായി രാഷ്ട്രപതി ദ്രൗപദി മുർമുവും എത്തിയിരുന്നു. കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിൻറെ പ്രതീകം കൂടിയാണ് ഓണമെന്ന് രാഷ്ട്രപതി സന്ദേശത്തിൽ പറഞ്ഞു. ജാതി മത വ്യത്യാസങ്ങൾ ഇല്ലാതെ എല്ലാവരും ആഘോഷിക്കുന്ന ഓണം സാമൂഹ്യ സൗഹാർദ്ദത്തിന്റെ ഉത്സവം കൂടിയാണ്. സാഹോദര്യം പടരാനും പുരോഗതിയിലേക്ക് നയിക്കാനും ഓണാഘോഷം സഹായിക്കട്ടെ എന്നും രാഷ്ട്രപതി ആശംസിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനും ഓണാശംസകളുമായി എത്തിയിരുന്നു. സമഭാവനയുടെ സന്ദേശമാണ് ഓണം പകർന്നു നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സമത്വസുന്ദരവും ഐശ്വര്യപൂർണ്ണവും സമാധാനം നിറഞ്ഞതുമായ ഒരു കാലം പണ്ടെങ്ങോ ഉണ്ടായിരുന്നു എന്നാണ് ഓണസങ്കൽപം നമുക്ക് പറഞ്ഞുതരുന്നത്. മനുഷ്യരെല്ലാവരും ഒന്നുപോലെ കഴിഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു എന്ന അറിവ് അത്തരം ഒരു കാലത്തെ പുനഃസൃഷ്ടിക്കാനുള്ള പോരാട്ടങ്ങൾക്ക് വലിയ പ്രചോദനമാണ് നൽകുകയെന്നും അദ്ദേഹം പറഞ്ഞു.

പരിമിതിക്കുള്ളിൽ നിന്നു കൊണ്ടാണെങ്കിലും ഓണം ഐശ്വര്യ പൂർണമാക്കാൻ വേണ്ടതൊക്കെ ചെയ്തുവെന്നും ക്ഷേമ പെൻഷൻ മുതൽ ന്യായ വിലക്കുള്ള പൊതു വിതരണംവരെ ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി തന്റെ ആശംസയിൽ അറിയിച്ചു. ഐശ്വര്യ – വികസനത്തിന്റെ ആഘോഷമാകട്ടെ ഓണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published.