Wednesday, April 16, 2025
National

മണിപ്പൂർ നിയമസഭാ സമ്മേളനം ഇന്നു ചേരും; ബഹിഷ്കരിക്കുമെന്ന് അറിയിച്ച് കുകി എം.എൽ.എമാർ

മണിപ്പൂർ നിയമസഭാ സമ്മേളനം ഇന്ന് ചേരും. സെഷൻ ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ച് കുകി എം.എൽ.എമാർ രംഗത്തെത്തി. നിയമസഭാ സമ്മേളനം മാറ്റിവയ്ക്കണമെന്ന് എം.എൽ.എമാർ ആവശ്യപ്പെട്ടിരുന്നുവെങ്കിലും നടപടിയുണ്ടായില്ല. അതിനിടെ സുരക്ഷിതകേന്ദ്രങ്ങള്‍ തേടിയുള്ള സർക്കാർ ജീവനക്കാരുടെ കൂട്ട സ്ഥലംമാറ്റം തുടരുകയാണ്.

നിയമസഭാ സമ്മേളനം തങ്ങൾക്ക് സുരക്ഷാപ്രശ്നമുണ്ടാക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് കുകി എം.എൽ.എമാര്‍ കത്തുനൽകിയത്. ഇംഫാലിൽ പ്രവേശിക്കാൻ കഴിയില്ലെന്നും നിയമസഭാ സമ്മേളനം മാറ്റിവയ്ക്കണമെന്നുമുള്ള 10 കുകി എം.എൽ.എമാരുടെ ആവശ്യത്തിന് അനുകൂലമായ പ്രതികരണം സർക്കാരിൽനിന്ന് ഉണ്ടായിട്ടില്ല.

ജനപ്രതിനിധികൾക്കു പുറമെ സർക്കാർ ജീവനക്കാരും സുരക്ഷാഭീഷണി നേരിടുന്നുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള നൂറിലേറെ സർക്കാർ ജീവനക്കാരാണ് കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ട്രാൻസ്ഫറുകൾ വാങ്ങിയത്.

സുരക്ഷിതകേന്ദ്രങ്ങള്‍ തേടിയാണു കലാപം നടക്കുന്ന മണിപ്പൂരിൽ സർക്കാർ ജീവനക്കാർ സ്ഥലംമാറ്റം ആവശ്യപ്പെടുന്നത്. ഡി.ജി.പി പി. ഡൗoഗലിനുനേരെ ആക്രമണമുണ്ടായതിനു പിന്നാലെ ത്രിപുര കേഡർ ഐ.പി.എസ് ഓഫീസർ രാജീവ് സിങ്ങിനെ ഡി.ജി.പി ആയി മണിപ്പൂർ സർക്കാർ നിയമിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പൊലീസ് സേനയിൽ ഉൾപ്പെടെ സ്ഥലംമാറ്റം വ്യാപകമായത്.

സുപ്രിംകോടതിയില്‍ സമർപ്പിച്ച സത്യവാങ്മൂലത്തിൽ 2,262 സർക്കാർ ഉദ്യോഗസ്ഥരെ അവരുടെ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റിയതായി മണിപ്പൂർ സർക്കാർ അറിയിച്ചു. അതിനിടെ ഇന്നലെ രാത്രി ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ് അദ്ദേഹത്തിൻ്റെ വസതിയിൽ വെച്ച് കൂടിക്കാഴ്ച നടത്തി.

Leave a Reply

Your email address will not be published. Required fields are marked *