വന്ദേഭാരതില്‍ കല്ലെറിയുന്നവരെ ക്യാമറ ഉപയോഗിച്ച് കണ്ടെത്തും, സ്ലീപ്പറും മെട്രോയും ഉടൻ: റെയിൽവേ
വന്ദേഭാരത് ട്രെയിനിന്റെ വേഗം 160-ല്‍നിന്ന് 200 കിലോമീറ്ററായി വര്‍ധിപ്പിക്കുമെന്ന് പെരമ്പൂര്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐ.സി.എഫ്.) ജനറല്‍ മാനേജര്‍ ബി.ജി. മല്യ. ട്രെയിനുകൾക്ക് നേരെ കല്ലെറിയുന്ന പ്രവണത വർധിച്ച് വരുകയാണെന്നും ഇവരെ വന്ദേ ഭാരത്തിൽ സ്ഥാപിച്ച ക്യാമറകൾ ഉപയോഗിച്ച് കണ്ടെത്താനാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വന്ദേ ഭാരത് ട്രെയിനുകൾക്കുള്ള സ്ലീപ്പർ കോച്ചുകളുടെ നിർമാണം വൈകാതെ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 30 മാസത്തിനുള്ളിൽ 200 കോച്ചുകൾ നിർമിക്കാനാണ് പദ്ധതി.
ഇതിനായി സാങ്കേതികവിദ്യ വികസിപ്പിക്കും. ട്രാക്കുകള്‍ കൂടുതല്‍ ബലപ്പെടുത്തും. സിഗ്‌നല്‍ സംവിധാനങ്ങള്‍ നവീകരിക്കും. ഐ.സി.എഫില്‍ വിളിച്ചുചേര്‍ത്ത മാധ്യമസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ 21 റൂട്ടുകളില്‍ വന്ദേഭാരത് ഓടുന്നുണ്ടെങ്കിലും ന്യൂഡല്‍ഹി-വാരാണസി, ന്യൂഡല്‍ഹി-കാത്ര റൂട്ടുകളില്‍ 160 കിലോമീറ്ററാണ് വേഗം.
ഈ സാമ്പത്തികവര്‍ഷം വന്ദേഭാരതിന്റെ എ.സി. ചെയര്‍കാറുള്ള 77 വണ്ടികള്‍ നിര്‍മിക്കും. ഇതുവരെ ഐ.സി.എഫിന്റെ 21 വന്ദേഭാരതാണ് പുറത്തിറങ്ങിയത്. ഇതില്‍ 16 കോച്ചുള്ളവയും എട്ട് കോച്ചുകള്‍ അടങ്ങിയവയുമുണ്ട്. ഇനി ഇറങ്ങുന്നത് എട്ട് കോച്ചുകളടങ്ങിയ ട്രെയിനുകൾ മാത്രമായിരിക്കുമെന്നും ഐ.സി.എഫ്. ജനറല്‍ മാനേജര്‍ പറഞ്ഞു.