Thursday, January 9, 2025
National

ആവശ്യമെങ്കിൽ ഗുസ്തി താരങ്ങളെ വെടിവെക്കുമെന്ന് മുൻ കേരള വിജിലൻസ് മേധാവി; എവിടെ വരണമെന്ന് പറയൂ എന്ന് ബജ്റംഗ് പുനിയ

ദേശീയ ഗുസ്തി ഫെഡറേഷൻ മുൻ ചെയർമാൻ ബ്രിജ് ഭൂഷൺ സിംഗിനെതിരെ സമരം ചെയ്യുന്ന ഗുസ്തിക്കാർക്കെതിരെ വിവാദ പ്രസ്താവനയുമായി മുൻ ഐപിഎസ് ഉദ്യോഗസ്ഥനും കേരള വിജിലൻസ് മേധാവിയുമായ ഡോ. എൻസി അസ്താന. ആവശ്യമെങ്കിൽ പൊലീസ് ഗുസ്തി താരങ്ങളെ വെടിവെക്കുമെന്ന് ഡോ. എൻസി അസ്താന ഐപിഎസ് തൻ്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു. ഇതിനു മറുപടിയായി, വെടിയേൽക്കാൻ എവിടെ വരണമെന്ന് പറയൂ എന്ന് ഒളിമ്പിക് മെഡൽ ജേതാവായ ഗുസ്തി താരം ബജ്റംഗ് പുനിയയും കുറിച്ചു. എൻഡിടിവിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.

ധൈര്യമുണ്ടെങ്കിൽ തന്നെ വെടിവെക്കൂ എന്ന് പൊലീസിനെ വെല്ലുവിളിക്കുന്ന ബജ്റംഗ് പുനിയയുടെ ദൃശ്യങ്ങളടങ്ങിയ ഒരു വാർത്താ ശകലം പങ്കുവച്ചുകൊണ്ട് അസ്താന ഇങ്ങനെ കുറിച്ചു, ‘ആവശ്യമെങ്കിൽ നിങ്ങളെ വെടിവെക്കും. ഞങ്ങളോട് നിങ്ങൾ പറഞ്ഞതുകൊണ്ടല്ല. ഞങ്ങൾ നിങ്ങളെ വലിച്ചിഴച്ച് എച്ചിൽ പോലെ ഉപേക്ഷിച്ചു. 129ആം വകുപ്പ് പൊലീസിനു വെടിയുതിർക്കാൻ അവകാശം നൽകുന്നതാണ്. സാഹചര്യം ആവശ്യപ്പെടുന്നതിനനുസരിച്ച് അത് നടത്തും. പക്ഷേ, അതിന് നിങ്ങൾ കാര്യങ്ങളറിയണം. പോസ്റ്റ്മോർട്ടം ടേബിളിൽ വച്ച് വീണ്ടും കാണാം.’

ഈ ട്വീറ്റ് പങ്കുവച്ച് പുനിയ കുറിച്ചത് ഇങ്ങനെ: ‘ഈ ഐപിഎസ് ഓഫീസർ ഞങ്ങളെ വെടിവെക്കുമെന്ന് പറയുന്നു. സഹോദരാ, ഞങ്ങൾ നിങ്ങൾക്ക് മുന്നിലുണ്ട്. എവിടെ വരണമെന്ന് പറയൂ. ഞങ്ങൾ നെഞ്ചിൽ തന്നെ വെടിയുണ്ടകളേറ്റുവാങ്ങുമെന്ന് ഞാൻ വാക്കുതരുന്നു. വെടിയുണ്ടകളല്ലാതെ ബാക്കിയെല്ലാം ഞങ്ങൾ ഏറ്റുവാങ്ങി. അതും വന്നോട്ടെ’

അതേസമയം, ജന്തർ മന്തറിൽ ഗുസ്തി താരങ്ങളെ ഇനി പ്രതിഷേധിക്കാൻ അനുവദിക്കില്ലെന്ന് ഡൽഹി പൊലീസ് അറിയിച്ചു. സമരത്തിൻ്റെ പേരിൽ താരങ്ങൾ ചെയ്യുന്നത് നിയമലംഘനമാണെന്ന് പൊലീസ് ആരോപിച്ചു. അതേസമയം ജന്തർ മന്തറിൽ നിരോധനാജ്ഞ തുടരുന്നു. തുടർ സമരപരിപാടികൾ തീരുമാനിക്കാൻ സമരസമിതി ഉടൻ യോഗം ചേരും.

പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് മാർച്ച് നടത്തിയ ഗുസ്തി താരങ്ങൾക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തു. കലാപ ശ്രമം, നിയമവിരുദ്ധമായി സംഘം ചേരൽ, പൊതുപ്രവർത്തകരുടെ ജോലി തടസ്സപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇതു കൂടാതെ പിഡിപിപി ആക്ടിലെ സെക്ഷൻ മൂന്നും ചുമത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *