പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തുന്നുണ്ടോ എന്നറിയുക ലക്ഷ്യം;’സിഎം ഓണ്‍ ഫീല്‍ഡ് വിസിറ്റ്’ പരിപാടിയുമായി എം.കെ സ്റ്റാലിന്‍
‘സിഎം ഓണ്‍ ഫീല്‍ഡ് വിസിറ്റ്’ പരിപാടിക്ക് തുടക്കം കുറിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ജനങ്ങള്‍ക്കുള്ള ക്ഷേമപദ്ധതികളുടെ നടത്തിപ്പും വിശദാംശങ്ങളും അവലോകനം ചെയ്യുന്നതിന് വേണ്ടിയാണ് പുതിയ പരിപാടി. ഫെബ്രുവരി മുതലാണ് സി എം ഓണ്‍ ഫീല്‍ഡ് വിസിറ്റ് പരിപാടിക്ക് തുടക്കം കുറിക്കുന്നത്. പദ്ധതികളും മറ്റ് സര്‍ക്കാര്‍ വികസന പരിപാടികളും ആനുകൂല്യങ്ങളുമെല്ലാം ഗുണഭോക്താക്കളിലേക്ക് കൃത്യമായി എത്തുന്നുണ്ടോ എന്ന് നേരിട്ടറിയുകയാണ് ലക്ഷ്യം.
കുടിവെള്ളം, ശുചിത്വം, റോഡുകള്‍, അടിസ്ഥാന സൗകര്യങ്ങള്‍, നൈപുണ്യ വികസനം, ഗ്രാമ, നഗര വികസനം, വിദ്യാഭ്യാസം, ആരോഗ്യം, കുട്ടികളുടെ പോഷകാഹാരം തുടങ്ങിയവുമായി ബന്ധപ്പെട്ട പദ്ധതികള്‍ പരിശോധിക്കുമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ പത്രക്കുറിപ്പില്‍ പറയുന്നു. മുഖ്യമന്ത്രിയും ബന്ധപ്പെട്ട മന്ത്രിമാരും ഉദ്യോഗസ്ഥരും ഫീല്‍ഡ് വിസിറ്റിന്റെ ഭാഗമാകും.
പരിപാടിയുടെ ആദ്യഘട്ടത്തില്‍ ഫെബ്രുവരി 1, 2 തീയതികളില്‍ മുഖ്യമന്ത്രി സ്റ്റാലിന്‍ മന്ത്രിമാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കുമൊപ്പം റാണിപ്പേട്ട്, വെല്ലൂര്‍, തിരുപ്പത്തൂര്‍, തിരുവണ്ണാമലൈ ജില്ലകള്‍ സന്ദര്‍ശിക്കും. ഫെബ്രുവരി ഒന്നിന് കര്‍ഷക സംഘടനകള്‍, സ്വാശ്രയ സംഘങ്ങള്‍, വ്യവസായ പ്രതിനിധികള്‍ എന്നിവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.
തുടര്‍ന്ന് ജില്ലകളിലെ ക്രമസമാധാനനില സംബന്ധിച്ച് പൊലീസ് ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഫെബ്രുവരി രണ്ടിന് ജില്ലാ കളക്ടര്‍മാരുമായി യോഗം ചേരും.