രാഹുൽ ഗാന്ധിയുടെ സുരക്ഷ ഉറപ്പാക്കണം’: അമിത് ഷായ്ക്ക് കത്തയച്ച് കോൺഗ്രസ്
രാഹുൽ ഗാന്ധിയുടെയും ഭാരത് ജോഡോ യാത്രയുടെയും സുരക്ഷാ വീഴ്ചകൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. ഡിസംബർ 24 ന് യാത്ര ഡൽഹിയിൽ പ്രവേശിച്ചതു മുതൽ നിരവധി തവണ യാത്രയുടെ സുരക്ഷയിൽ വിട്ടുവീഴ്ചയുണ്ടായെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ കത്തിൽ ആരോപിച്ചു.
ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലും Z+ സെക്യൂരി ഏർപ്പെടുത്തിയിരിക്കുന്ന രാഹുൽ ഗാന്ധിക്ക് സംരക്ഷണം നൽകുന്നതിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഡൽഹി പൊലീസ് പൂർണ്ണമായും പരാജയപ്പെട്ടു. ഡൽഹി പൊലീസ് കാഴ്ചക്കാരാണെന്നും സ്ഥിതിഗതികൾ ഗുരുതരമായതിനാൽ കോൺഗ്രസ് പ്രവർത്തകരും ജോഡോ യാത്രികരുമാണ് മുൻ പാർട്ടി അധ്യക്ഷന് സുരക്ഷ നൽകുന്നതെന്നും കത്തിൽ പറയുന്നു. യാത്രയിൽ പങ്കെടുത്തവരെ ഇന്റലിജൻസ് ബ്യൂറോ ചോദ്യം ചെയ്യുന്നുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു.
‘ഓരോ ഇന്ത്യക്കാരനും രാജ്യത്തുടനീളം തടസ്സമില്ലാതെ സഞ്ചരിക്കാൻ അവകാശമുണ്ട്. രാജ്യത്ത് സമാധാനവും ഐക്യവും കൊണ്ടുവരാനുള്ള പദയാത്രയാണ് ഭാരത് ജോഡോ യാത്ര. സർക്കാർ പ്രതികാര രാഷ്ട്രീയത്തിൽ ഏർപ്പെടാതെ കോൺഗ്രസ് നേതാക്കളുടെ സുരക്ഷ ഉറപ്പാക്കണം’, കത്തിൽ പറയുന്നു. ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെയും മുൻ പ്രധാനമന്ത്രിമാരുടെയും കൊലപാതകങ്ങളും കത്തിൽ പരാമർശിക്കുന്നുണ്ട്.