തമിഴ്നാട്ടിൽ 11 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു
ചെന്നൈ: തമിഴ്നാട്ടിൽ 11 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ചെന്നൈ, തിരുവണ്ണാമലെ, കന്യാകുമാരി, തിരുവരൂർ എന്നിവിടങ്ങളിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്.ഇതോടെ തമിഴ്നാട്ടിൽ ഒമിക്രോൺ ബാധിതരുടെ എണ്ണം 45 ആയി ഉയർന്നു. ഇതിൽ 18 പേർ ഇപ്പോൾ രോഗം ഭേദമായി ആശുപത്രി വിട്ടതായും ആരോഗ്യവകുപ്പ് അറിയിച്ചു.
അതേസമയം രാജ്യത്ത് ഒമിക്രോൺ വ്യാപനം തുടരുന്നു. ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം അറുനൂറിനോട് അടുത്തു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആദ്യ ഒമിക്രോൺ കേസ് മണിപ്പൂരിൽ സ്ഥിരീകരിച്ചു. ഗോവയിലും ആദ്യത്തെ ഒമിക്രോണ്‍ ബാധ റിപ്പോർട്ട് ചെയ്തു.
ഒമിക്രോണ്‍ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ 10 സംസ്ഥാനങ്ങൾ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു. രോഗവ്യാപനം തീവ്രമായ ഇടങ്ങളിൽ നിരോധനാജ്ഞ ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. 19 സംസ്ഥാനങ്ങളിലാണ് രാജ്യത്ത് ഇതുവരെ ഒമിക്രോൺ റിപ്പോർട്ട് ചെയ്തത്.