യുഎന്‍ ആസ്ഥാനത്ത് മഹാത്മാ ഗാന്ധിയുടെ പ്രതിമ അടുത്ത മാസം അനാച്ഛാദനം ചെയ്യും
യുഎന്‍ ആസ്ഥാനത്ത് സ്ഥാപിച്ച മഹാത്മാ ഗാന്ധിയുടെ പ്രതിമ അടുത്ത മാസം അനാച്ഛാദനം ചെയ്യും. അടുത്ത മാസം ഇന്ത്യയുടെ അധ്യക്ഷതയില്‍ നടക്കുന്ന യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ വച്ചാകും പ്രതിമ അനാച്ഛാദനം ചെയ്യുക. ഡിസംബര്‍ 14ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യുഎന്നിലെത്തും. യുഎന്നിന് ഇന്ത്യയുടെ സമ്മാനമെന്ന രീതിയിലാണ് ഗാന്ധി പ്രതിമ സ്ഥാപിച്ചത്.
യുഎന്‍ ആസ്ഥാനത്ത് സ്ഥാപിക്കുന്ന ആദ്യത്തെ ഗാന്ധി ശില്‍പമായിരിക്കും ഇന്ത്യ സമ്മാനിച്ച പ്രതിമ. പ്രശസ്ത ഇന്ത്യന്‍ ശില്പിയും പത്മശ്രീ പുരസ്‌കാര ജേതാവുമായ രാം സുതാര്‍ ആണ് ഗാന്ധി പ്രതിമ രൂപകല്പ്പന ചെയ്തിരിക്കുന്നത്. ഗുജറാത്തില്‍ സ്ഥാപിച്ച മഹാത്മാഗാന്ധിയുടെ സ്റ്റാച്യു ഓഫ് യൂണിറ്റി നിര്‍മിച്ചതും ഇദ്ദേഹമാണ്.
യുഎന്‍ ആസ്ഥാനത്തെ നോര്‍ത്ത് ലോണ്‍സിലാണ് പ്രതിമ സ്ഥാപിക്കുന്നതെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കംബോജ് പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ജര്‍മ്മനിയുടെ ബെര്‍ലിന്‍ മതിലിന്റെ ഒരു ഭാഗം, ദക്ഷിണാഫ്രിക്കയുടെ നെല്‍സണ്‍ മണ്ടേലയുടെ ലൈഫ് സൈസ് വെങ്കല പ്രതിമ, പാബ്ലോ പിക്കാസോയുടെ ഗെര്‍ണിക്ക തുടങ്ങി വിവിധ രാജ്യങ്ങളുടെ സംഭാവനകള്‍ യുന്‍ ആസ്ഥാനത്തുണ്ട്. സൂര്യന്റെ കറുത്ത കല്ലില്‍ നിര്‍മ്മിച്ച ശില്‍പമാണ് യുഎന്‍ ആസ്ഥാനത്ത് പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഇന്ത്യയുടെ മറ്റൊരു സമ്മാനം.1982 ജൂലായ് 26നാണ് ഇത് സ്ഥാപിച്ചത്. അന്ന് സെക്രട്ടറി ജനറല്‍ ഹാവിയര്‍ പെരസ് ഡി കുല്ലര്‍ ഐക്യരാഷ്ട്രസഭയെ പ്രതിനിധീകരിച്ച് ശില്‍പം സ്വീകരിച്ചിരുന്നു.