Monday, April 14, 2025
National

വിവാഹ സമ്മാനം വാഗ്ദാനം ചെയ്ത് ബന്ധുവിന്റെ ചതി; ഖത്തറില്‍ മയക്ക് മരുന്ന് കേസില്‍ കുടുങ്ങിയ ദമ്പതികള്‍ക്ക് ഒടുവില്‍ മോചനത്തിന് വഴി തെളിയുന്നു

ദോഹ: ബന്ധുവിന്റെ വിവാഹ സമ്മാനക്കെണിയില്‍പ്പെട്ട് ഖത്തറില്‍ മയക്കുമരുന്ന് കേസില്‍ കുടുങ്ങിയ ഇന്ത്യന്‍ ദമ്പതികള്‍ക്ക് ഒടുവില്‍ മോചത്തനത്തിലേക്ക് വഴി തുറക്കുന്നു. മുംബൈ പൊലീസും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി)യും നടത്തിയ നീണ്ട അന്വേഷണത്തിനൊടുവിലാണ് ദമ്പതികള്‍ക്ക് അനുകൂലമായ തെളിവുകള്‍ കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് മുംബൈ ആസ്ഥാനമായുള്ള ദമ്പതികളെ നാല് കിലോഗ്രാം ഹാഷിഷുമായി ഖത്തറില്‍ പിടികൂടിയത്.

മധുവിധു ആഘോഷത്തിനായി ഖത്തറിലെത്തിയതായിരുന്നു യുവ ദമ്പതികളായ ഒനിബയും ഭര്‍ത്താവും. ഒനിബ തന്റെ ആദ്യ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുന്ന സമയമായിരുന്നു അത്. അന്നേരമാണ് ഇവരുടെ ഉറ്റബന്ധു ഒനിബക്കും ഭര്‍ത്താവിനും വിവാഹ സമ്മാനമായി ഖത്തറില്‍ ഒരു മധുവിധു ആഘോഷം വാഗ്ദാനം ചെയ്തത്. ചിലവൊക്കെ ബന്ധുവിന്റെ വക
2019 ജൂലൈ ആറിന് മുംബൈയില്‍ നിന്നു ഒനിബയും ഭര്‍ത്താവും ഖത്തറിലേക്ക് പറന്നു. ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഇരുവരും നിമിഷങ്ങള്‍ക്കുള്ളില്‍ പോലിസിന്റെ പിടിയിലായി. എന്താണ് സംഭവിക്കുന്നതെന്ന് അവര്‍ക്കും അറിയില്ലായിരുന്നു. പരിശോധനയില്‍ അവരുടെ ലഗേജില്‍ നാല് കിലോഗ്രാം ഹാഷിഷ് കണ്ടെത്തി എന്നതായിരുന്നു കുറ്റം. ഇവരുടെ ഹണിമൂണ്‍ സ്പോണ്‍സര്‍ ചെയ്ത ബന്ധു ഖത്തറിലുള്ള ഒരു സുഹൃത്തിന് കൈമാറാന്‍ നല്‍കിയ പാക്കറ്റിലായിരുന്നു ഈ ലഹരിമരുന്നുണ്ടായിരുന്നത്. അത്രയേറെ വിശ്വസിച്ച ഉറ്റബന്ധുവാണ് ഇവരെ കുരുക്കിലാക്കിയതെന്ന് ഞെട്ടലോടെയാണ് അവര്‍ അറിഞ്ഞത്.

ഇതോടെ മയക്കുമരുന്ന് കടത്തിന് ഒനിബയ്ക്കും ഭര്‍ത്താവ് ശരീഖിനും 10 വര്‍ഷം തടവും ഒരു കോടി രൂപ പിഴയും ഖത്തറിലെ കോടതി വിധിച്ചു. തുടര്‍ന്ന് മുംബൈ പൊലീസും എന്‍സിബിയും ഒരു വര്‍ഷം നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് നിരപരാധികളായ ദമ്പതികളെ ബന്ധു കബളിപ്പിച്ചതാണെന്ന് കണ്ടെത്തിയത്.

കഴിഞ്ഞ സപ്തംബറില്‍ ദമ്പതികളുടെ ബന്ധുവായ തബസ്സുവും കൂട്ടാളിയായ നിസാം കാരയും മുംബൈ പൊലീസിന്റെ പിടിയിലായി. ഇവരുടെ പക്കല്‍ നിന്ന് 13 ഗ്രാം കൊക്കെയ്ന്‍ കണ്ടെടുത്തതിനെ തുടര്‍ന്നാണ് കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടന്നതെന്ന് എന്‍സിബി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ തെളിവുകളുടെ വെളിച്ചത്തില്‍ ഒനിബയെയും ഭര്‍ത്താവിനെയും മോചിപ്പിക്കാന്‍ എന്‍സിബി ഇപ്പോള്‍ നയതന്ത്ര മാര്‍ഗങ്ങളിലൂടെ ഖത്തറിനെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.

ഒനിബയുടെ അമ്മ മക്കളെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ എംബസിക്ക് നിരവധി അപേക്ഷകള്‍ നല്‍കിയെങ്കിലും അനുകൂല പ്രതികരണം ഇതുവരെ ലഭിച്ചിരുന്നില്ല. കേസ് നടത്താന്‍ സമ്പാദ്യത്തിന്റെ ഭൂരിഭാഗവും ദമ്പതികളുടെ കുടുംബങ്ങള്‍ ചിലവഴിച്ചു കഴിഞ്ഞു. തന്റെ മകള്‍ ഒരു വിദേശ രാജ്യത്ത് ഒറ്റക്ക് പ്രസവിക്കേണ്ടി വന്നുവെന്നും കൊച്ചുമകനെ ഇതുവരെ കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും ഇരുവരുടെയും കുടുംബങ്ങള്‍ പറയുന്നു. മുംബൈ പോലിസിന്റെ ഇടപെടലില്‍ അധികം വൈകാതെ ദമ്പതികള്‍ മോചിതരാവുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കള്‍.

Leave a Reply

Your email address will not be published. Required fields are marked *