Saturday, October 19, 2024
National

കിഴക്കൻ ലഡാക്കിൽ അതിർത്തിക്ക് സമീപം എട്ടിടങ്ങളിലായി സൈനിക ടെന്‍റുകള്‍ നിര്‍മിച്ച് ചൈന

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ യഥാര്‍ഥ നിയന്ത്രണ രേഖയ്ക്ക് സമീപം എട്ടിടങ്ങളില്‍ സൈനികര്‍ക്കായി ടെന്‍റുകള്‍ നിര്‍മിച്ച് ചൈന. ടാഷിഗോങ്, മൻസ, ഹോട്ട് സ്പ്രിങ്സ്, ചുറുപ്പ് എന്നിവിടങ്ങളിലാണ് ചൈന ടെന്‍റുകള്‍ നിര്‍മിച്ചിരിക്കുന്നത്. ഇതോട് അനുബന്ധമായി ചെറു വ്യോമത്താവളങ്ങളും ഹെലിപാഡുകളും നിർമ്മിക്കുന്നതായും ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചൈനയ്ക്കെതിരെ യുഎന്‍ പൊതുസഭയിലും ക്വാഡ് ഉച്ചകോടിയിലും പ്രധാനമന്ത്രി നരേന്ദ്ര മോദി പരോക്ഷമായി നിലപാടെടുത്തിന് പിന്നാലെയാണ് ചൈനയുടെ നടപടി. കഴിഞ്ഞ വർഷം അതിർത്തിയിൽ സംഘർഷം രൂക്ഷമായതിനെ തുടർന്ന് ചൈനീസ് സൈന്യം സ്ഥാപിച്ച സൈനിക ക്യാംപുകൾക്ക് പുറമേയാണ് പുതിയ ടെന്‍റുകളുടെ നിർമ്മാണം.

കഴിഞ്ഞ വർഷം മേയിൽ പാങ്കോങ് തടാക മേഖലയിൽ ഉണ്ടായ സംഘർഷത്തെ തുടർന്നാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി സംഘർഷം ഉടലെടുക്കുകയും ജൂൺ 15ന് ഗൽവാൻ താഴ്‌വരയിലെ ഏറ്റുമുട്ടലിനെ തുടർന്ന് അതിർത്തി തർക്കം രൂക്ഷമാകുകയുമായിരുന്നു.

Leave a Reply

Your email address will not be published.