ഇന്ത്യൻ സൈന്യത്തിനെതിരായ ആരോപണം: മെഹബൂബ മുഫ്തിക്കെതിരെ പൊലീസിൽ പരാതി
പള്ളിയിൽ അതിക്രമിച്ച് കയറി സൈനികർ വിശ്വാസികളെ ‘ജയ്ശ്രീറാം’ വിളിക്കാൻ നിർബന്ധിച്ചുവെന്ന ആരോപണത്തിൽ, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിക്കെതിരെ പൊലീസിൽ പരാതി. ഈദിന് മുന്നോടിയായി കലാപം സൃഷ്ടിക്കാൻ മുഫ്തി മനഃപൂർവം ശ്രമിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ജമ്മു ആസ്ഥാനമായുള്ള സാമൂഹിക പ്രവർത്തകനാണ് മുഫ്തിക്കെതിരെ പരാതി നൽകിയത്.
ജൂൺ 24 നാണ് മെഹബൂബ മുഫ്തി ഇന്ത്യൻ സൈന്യത്തിനെതിരെ ട്വിറ്ററിലൂടെ ആരോപണം ഉന്നയിച്ചത്. സൈന്യം പള്ളിയിൽ അതിക്രമിച്ചെത്തുകയും മുസ്ലിം വിശ്വാസികളോട് ‘ജയ്ശ്രീറാം’ വിളിക്കാൻ നിർബന്ധിച്ചുവന്നുമായിരുന്നു ആരോപണം. ആഭ്യന്തര മന്ത്രി അമിത് ഷാ സന്ദർശനത്തിനെത്തിയ സമയത്ത് തന്നെ ഇത്തരം ഒരു പ്രവർത്തി നടക്കുന്നത് ജനങ്ങളിൽ പ്രകോപനം സൃഷ്ടിക്കാൻ വേണ്ടിയാണെന്നും മുഫ്തി പറഞ്ഞിരുന്നു.
ട്വീറ്റ് വിവാദമായതോടെയാണ് മഫ്തിക്കെതിരെ പൊലീസിൽ പരാതി ലഭിച്ചിരിക്കുന്നത്. മെഹബൂബയുടെ ആരോപണങ്ങൾക്ക് തെളിവില്ലെന്നും മുസ്ലീം സമുദായങ്ങൾക്കിടയിൽ പ്രകോപനവും വർഗീയതയും പ്രചരിപ്പിച്ച് കലാപമുണ്ടാക്കാനുള്ള ബോധപൂർവമായ ശ്രമത്തിൻ്റെ ഭാഗമാണിതെന്നും ആക്ടിവിസ്റ്റ് ബോധ് രാജ് പരാതിയിൽ ഉന്നയിക്കുന്നു. “വരാനിരിക്കുന്ന അമർനാഥ് യാത്രയ്ക്ക് മുന്നോടിയായി ഹിന്ദു-മുസ്ലിം സമുദായങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കുകയാണ് മെഹബൂബ മുഫ്തിയുടെ പ്രസ്താവന. അവരുടെ ആരോപണങ്ങളെല്ലാം കിംവദന്തികളുടെ അടിസ്ഥാനത്തിലും ഇന്ത്യൻ സൈന്യത്തെ അപകീർത്തിപ്പെടുത്തുന്നതിനുമാണ്” – പരാതിക്കാരൻ വ്യക്തമാക്കി.