ഒരു നാൾ ബി.ജെ.പി കേരളം ഭരിക്കും, ദക്ഷിണേന്ത്യയിൽ മാറ്റത്തിനുള്ള സമയമാണിത്; ഗോവ മുഖ്യമന്ത്രി
സമീപഭാവിയിൽ തന്നെ ബി.ജെ.പി കേരളം ഭരിക്കുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ബി.ജെ.പിയെ സംബന്ധിച്ച് ദക്ഷിണേന്ത്യയിൽ മാറ്റത്തിനുള്ള സമയമാണിത്. കേരളത്തിലെ ബി.ജെ.പി പ്രവർത്തകർ പൊതുപ്രവർത്തനത്തിനിടെ ഒരുപാട് ത്യാഗം സഹിക്കുന്നുണ്ടെന്നറിയാം,നിങ്ങളുടെ പ്രവർത്തനം ഇനിയും ഫലപ്രദമായി തുടരണമെന്ന് അദ്ദേഹം പറഞ്ഞു.
ഒരു എം.എൽ.എ പോലും ഇല്ലെങ്കിലും ബി.ജെ.പി പ്രവർത്തകർ കേരളത്തിനായി നിരന്തരം പ്രവർത്തിക്കുകയാണ്. ഒരു നാൾ ബി.ജെ.പി കേരളം ഭരിക്കുമെന്ന് എനിക്കുറപ്പുണ്ടെന്നും പ്രമോദ് സാവന്ത് വ്യക്തമാക്കി.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേതിന് സമാനമായ നേട്ടം ബിജെപി കേരളത്തിൽ ആവർത്തിക്കുമെന്നും ഭാവിയിൽ ഭരണം പിടിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. സിപിഐഎം, കോൺഗ്രസ് എന്നിവർ ചേർന്ന് യുവാക്കളുടെ തൊഴിലവസരങ്ങൾ ഇല്ലാതാക്കിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അധികാരത്തിലിരിക്കുന്നവർ യുവാക്കളുടെ ഭാവി വച്ച് കളിക്കുന്നുവെന്നും ഇത്തരക്കാർക്ക് തെരഞ്ഞെടുപ്പിലൂടെ മറുപടി നൽകണമെന്നും മോദി പറഞ്ഞിരുന്നു. ഗോവയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേതിനും സമാനമായി കേരളത്തിലും ബിജെപി അധികാരം പിടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെയും രാഷ്ട്രീയ നീക്കുപോക്കുകളുടേയും തുടക്കമാക്കിയിരിക്കുകയാണ് ബി.ജെ.പി. വികസന മുദ്രാവാക്യമുയര്‍ത്തി ന്യൂനപക്ഷങ്ങളെയും യുവാക്കളെയും പാർട്ടിയിലെത്തിക്കുന്നതിനു പുറമെ, മറ്റ് മതവിഭാഗങ്ങളെ പാർട്ടിയുമായി അടുപ്പിക്കുകയെന്നതും ബി.ജെ.പി ലക്ഷ്യമിടുന്നു. അതിന്റെ ഭാഗമായിരുന്നു ക്രിസ്ത്യൻ മതമേലധ്യക്ഷരുമായുള്ള മോദിയുടെ കൂടിക്കാഴ്ച.