Friday, January 10, 2025
National

മദ്യനയ അഴിമതി കേസ്; മനീഷ് സിസോദിയയും ആരോഗ്യമന്ത്രി സത്യേന്ദര്‍ ജയിനും രാജിവച്ചു

മദ്യനയ അഴിമതി കേസിനിടെ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആരോഗ്യമന്ത്രി സത്യേന്ദര്‍ ജയിനും രാജിവച്ചു. ഇരുവരുടെയും രാജി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സ്വീകരിച്ചു. മദ്യ നയ അഴിമതി കേസില്‍ രണ്ട് വര്‍ഷമോ അതില്‍ കൂടുതലോ തടവിന് ശിക്ഷിക്കപ്പെട്ടാല്‍ സിസോദിയയ്ക്കും ജെയിനിനും സീറ്റ് നഷ്ടമായേക്കും. ആറ് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുമാകില്ല.

അതിനിടെ കേസില്‍ വിചാരണ കോടതിയെയും ഹൈക്കോടതിയെയും മറികടന്ന് സമര്‍പ്പിച്ച ഹര്‍ജ്ജി തെറ്റായ സന്ദേശം നല്‍കുന്നതാണെന്ന് സുപ്രിം കോടതി നിരീക്ഷിച്ചു. അഴിമതി നിരോധന കേസ് അനുസരിച്ച് നടക്കുന്ന അന്വേഷണങ്ങളെ നിമിഷം കൊണ്ട് ഇല്ലാതാക്കാന്‍ സാധിക്കുമെന്ന പ്രതീതി ഉണ്ടാക്കാന്‍ ശ്രമിക്കരുതെന്ന് സുപ്രിം കോടതി വ്യക്തമാക്കി.

വിചാരണ കോടതിയോട് ജാമ്യാപേക്ഷ വേഗത്തില്‍ തീര്‍ക്കാന്‍ നിര്‍ദ്ദേശിക്കണം എന്ന സിസോദിയയുടെ അപേക്ഷയും സുപ്രിം കോടതി അംഗീകരിച്ചില്ല. മറുവശത്ത് കസ്റ്റഡിയിലുള്ള മനീഷ് സിസോദിയയെ വിശദമായി ചോദ്യം ചെയ്യാനുള്ള സിബിഐയുടെ ശ്രമം തുടരുകയാണ്. മദ്യനയത്തില്‍ മാറ്റം വരുത്താന്‍ സെക്രട്ടറിക്ക് സിസോദിയ വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയതുമായി ബന്ധപ്പെട്ട രേഖകളോടും സിസോദിയ ഇന്ന് പ്രതികരിച്ചില്ല. കേസിലെ മറ്റ് പ്രതികളെയും സിസോദിയായെയും ഒരുമിച്ച് ചോദ്യം ചെയ്യാനുള്ള നടപടികളും സിബിഐ ഇന്ന് തുടങ്ങി.

രാജ്യതലസ്ഥാനത്ത് കൊവിഡ് ഡെല്‍റ്റ തരംഗം അതിരൂക്ഷമായ സമയത്താണ് അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി സര്‍ക്കാര്‍ പുതിയ എക്സൈസ് നയം പാസാക്കുന്നത്. എക്‌സൈസ് നയം 2021-22 നടപ്പാക്കിയതിലെ ക്രമക്കേടിനെക്കുറിച്ച് 2022 ജൂലൈയില്‍ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ സക്സേന സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തതിന് പിന്നാലെയാണ് മദ്യനയക്കേസ് പുറത്തുവന്നത്. ആം ആദ്മി പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ അനധികൃത ഫണ്ട് സ്വരൂപിക്കുന്നതിനും തങ്ങളിലേക്കുതന്നെ എത്തിക്കുന്നതിനുമാണ് എക്സൈസ് നയം (202122) സൃഷ്ടിച്ചത് എന്നായിരുന്നു ആരോപണം. തുടര്‍ന്ന് ഇഡിയും സിബിഐയും കേസെടുത്തു. ഡല്‍ഹി എക്സൈസ് വകുപ്പിന്റെ തലവനാണ് മനീഷ് സിസോദിയ. സ്വാഭാവികമായും അന്വേഷണം അദ്ദേഹത്തിനെതിരെ നീങ്ങി. സിബിഐ അന്വേഷണത്തിന് ശിപാര്‍ശ ചെയ്ത് ചീഫ് സെക്രട്ടറി എല്‍ജിക്ക് കൈമാറിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഡല്‍ഹി ഉപമുഖ്യമന്ത്രിക്കെതിരെ അന്വേഷണം ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *