സേഥിക്കായി പിസിബി ഭരണഘടന തന്നെ മാറ്റി; രാത്രി രണ്ട് മണിക്ക് ട്വീറ്റിലൂടെയാണ് എന്നെ നീക്കിയത്’: രൂക്ഷ വിമർശനവുമായി റമീസ് രാജ
പാകിസ്താൻ ക്രിക്കറ്റ് ബോർഡിൻ്റെ പുതിയ ഭരണസമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ചെയർമാൻ റമീസ് രാജ. നജാം സേഥിയെ ചെയർമാനാക്കാൻ പിസിബി ഭരണഘടന തന്നെ മാറ്റിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാത്രി 2 മണിക്ക് ട്വിറ്ററിലൂടെയാണ് തന്നെ നീക്കിയത്. അത് തന്നെ വേദനിപ്പിച്ചു എന്നും റമീസ് രാജ തുറന്നടിച്ചു.
“സേഥിക്കായി പിസിബിയുടെ ഭരണഘടന തന്നെ മാറ്റി. ലോകത്തെവിടെയും ഇത് ഞാൻ കണ്ടിട്ടില്ല. ഒരു സീസൺ പകുതിയിൽ ടെസ്റ്റ് താരമായ മുഖ്യ സെലക്ടറെ അവർ നീക്കി. രാത്രി 2 മണിക്ക് റമീസ് രാജ പോയെന്ന് സേഥി ട്വീറ്റ് ചെയ്തു. അത് വിഷമിപ്പിച്ചു. സേഥിയിലൂടെ രക്ഷകൻ വന്നു എന്നാണ് വെയ്പ്. എന്നാൽ, സേഥിയ്ക്ക് വേണ്ടത് പ്രശസ്തിയാണ്. ക്രിക്കറ്റുമായി അയാൾക്ക് ഒരു ബന്ധവുമില്ല. ഒരിക്കലും ഒരു ബാറ്റ് ഉയർത്തിയിട്ടില്ല. എന്നെ ഇടക്ക് വച്ച് നീക്കി. സീസൺ ഇടയ്ക്ക് വച്ച് അവർ മിക്കി ആർതറിനെ കൊണ്ടുവരുന്നു. സഖ്ലൈൻ മുഷ്താക്കുമായുള്ള കരാർ ജനുവരിയിൽ അവസാനിക്കുകയാണ്. ഓഫീസിൽ നിന്ന് എൻ്റെ സാധനങ്ങൾ എടുക്കാൻ പോലും അവർ എന്നെ അനുവദിച്ചില്ല. അവർക്ക് ക്രിക്കറ്റിൽ ഒരു താത്പര്യവുമില്ല. മൊത്തം രാഷ്ട്രീയ താത്പര്യങ്ങളും പകയുമാണ്.”- റമീസ് രാജ ആഞ്ഞടിച്ചു.
ഇമ്രാൻ ഖാൻ്റെ താത്പര്യപ്രകാരമാണ് റമീസ് രാജ പിസിബി ചെയർമാനായി എത്തിയത്. ഇമ്രാൻ ഖാൻ പ്രധാനമന്ത്രി പദത്തിൽ നിന്ന് പുറത്തുപോയതോടെ റമീസിൻ്റെ സ്ഥാനത്തിന് ഇളക്കം തട്ടിത്തുടങ്ങി. റമീസ് രാജ അധ്യക്ഷനായിരിക്കെ രണ്ട് ടി-20 ലോകകപ്പുകളുടെ ഫൈനലിലും സെമിയിലും പാകിസ്താൻ കളിച്ചു. ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നീ ടീമുകൾ പാകിസ്താൻ പര്യടനം നടത്തുകയും ചെയ്തു.