കോയമ്പത്തൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ രണ്ടു പേർ പെരിന്തൽമണ്ണയിൽ പിടിയിൽ
കോയമ്പത്തൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ രണ്ടു പേർ മലപ്പുറം പെരിന്തൽമണ്ണയിൽ പിടിയിൽ. കാസർഗോഡ് സ്വദേശി വസീമുദ്ദീൻ, താമരശേരി സ്വദേശി മുഹമ്മദ് സാലി എന്നിവരാണ് പിടിയിലായത്. ശരീരത്തിന്റെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ചാണ് സ്വർണം കടത്തിയത്.
ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ വാഹന പരിശോധനയിൽ പെരിന്തൽമണ്ണ താഴെക്കോട് കാപ്പുമുഖത്ത് വെച്ചാണ് കാസർഗോഡ് സ്വദേശി ആയിഷ മൻസിലിൽ വസീമുദ്ദീൻ, താമരശേരി സ്വദേശി കരിമ്പനക്കൽവീട്ടിൽ മുഹമ്മദ് സാലി എന്നിവർ പിടിയിലായത്. ദുബായിൽ നിന്ന് കോയമ്പത്തൂരിൽ വിമാനമിറങ്ങിയ വസീമുദ്ദീനെ മുഹമ്മദ് സാലി കോയമ്പത്തൂരിൽ പോയി കാറിൽ കൊണ്ട് വരുന്നതിനിടയിലാണ് പിടിക്കപ്പെട്ടത്. മിശ്രിതരൂപത്തിലുള്ള സ്വർണം മൂന്ന് ക്യാപ്സ്യൂളുകളാക്കി മലദ്വരത്തിൽ ഒളിപ്പിച്ചാണ് വസിമുദ്ദീൻ കടത്താൻ ശ്രമിച്ചത്. ഒരു കിലോ തൂക്കം വരുന്ന സ്വർണമാണ് പൊലീസ് കണ്ടെടുത്തത്.
കോയമ്പത്തൂർ വിമാനത്താവളത്തിലെ കസ്റ്റംസിനെ വിദഗ്ധമായി മറികടന്നായിരുന്നു സ്വർണം പുറത്ത് എത്തിച്ചത്. വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതികൾ കുറ്റം സമ്മതിച്ചത്. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.