അണ്‍ലോക്ക്-5ലെ മാര്‍ഗ നിര്‍ദേശങ്ങള്‍ നവംബര്‍ അവസാനം വരെ നീട്ടി കേന്ദ്ര സർക്കാർ
ന്യൂഡല്‍ഹി: കോവിഡ് മഹാമാരിുടെ പശ്ചാത്തലത്തില്‍ സെപ്റ്റംബറില്‍ പുറത്തിറക്കിയ അണ്‍ലോക്ക്- 5 മാര്‍ഗ നിര്‍ദേശങ്ങള്‍ നവംബര്‍ മാസത്തേക്ക് കൂടി നീട്ടി. സെപ്റ്റംബര്‍ 30ന് പുറപ്പെടുവിച്ച ഉത്തരവ് നവംബര്‍ 30വരെ നീട്ടിയതായാണ് ആഭ്യന്തര മന്ത്രാലയം ഇന്ന് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത്.
സിനിമ ഹാളുകള്‍, നീന്തല്‍ക്കുളങ്ങള്‍, സ്പോര്‍ട്സ് പരിശീലന കേന്ദ്രങ്ങള്‍ എന്നിവ തുറക്കുന്നതും നിയന്ത്രണങ്ങളോടെയുള്ള ഒത്തുചേരലുകള്‍ അനുവദിക്കുന്നതുമടക്കമുള്ള മാര്‍ഗ നിര്‍ദേശങ്ങളാണ് അണ്‍ലോക്ക് -5ല്‍ ഉണ്ടായിരുന്നത്. ഇത് നവംബര്‍ 30 വരെ പ്രാബല്യത്തിലാക്കിക്കൊണ്ട് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി എന്നാണ് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്.
50 ശതമാനം ആളുകള്‍ക്ക് മാത്രം പ്രവേശനം അനുവദിച്ച് സിനിമാഹാളുകള്‍ തുറക്കാനും 200ല്‍ കൂടാതെ ഉള്ള ആളുകളെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് മറ്റ് കൂട്ടായ്മകള്‍ നടത്താനും അനുമതി നല്‍കിക്കൊണ്ടാണ് സെപ്റ്റംബറിലെ ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചത്.