Sunday, January 5, 2025
National

രാജ്യത്ത് വൈകാതെ തന്നെ 5ജി സേവനങ്ങൾ ലഭ്യമാക്കും: കേന്ദ്ര സർക്കാർ

രാജ്യത്ത് എത്രയും പെട്ടെന്ന് തന്നെ 5ജി സേവനങ്ങൾ ലഭ്യമാക്കുമെന്ന് കേന്ദ്ര സർക്കാർ. രാജ്യത്ത് എല്ലാവർക്കും താങ്ങാനാവുന്ന നിരക്കിൽ 5ജി സേവനങ്ങൾ നടപ്പിലാക്കുമെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്. വിവിധ നഗരങ്ങളിൽ 5ജി ഇൻസ്റ്റാളേഷനുകൾ ആരംഭിച്ചിട്ടുണ്ട്. മികച്ച സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കാൻ വേണ്ട സംവിധാനങ്ങൾ രാജ്യത്തുടനീളം ഉടനെ തന്നെ സജ്ജമാക്കുന്നതിന്റെ തിരക്കിലാണ് ടെലികോം കമ്പനികളെന്നും കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

പൊതുജനങ്ങൾക്ക് താങ്ങാനാകുന്ന നിരക്കിലായിരിക്കും 5ജി പ്ലാനുകൾ ലഭ്യമാക്കുന്നതെന്ന് അത് സർക്കാർ ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു. ഘട്ടം ഷട്ടമായാണ് 5ജി സേവനങ്ങൾ വിന്യസിക്കുക. ആദ്യ ഘട്ടത്തിൽ 13 നഗരങ്ങളിലാണ് 5ജി സേവനങ്ങൾ ഉറപ്പാക്കുന്നത്. ചണ്ഡീഗഡ്, ചെന്നൈ, ഡൽഹി, ഗാന്ധിനഗർ, അഹമ്മദാബാദ്, ബെംഗളൂരു, ഗുരുഗ്രാം, ഹൈദരാബാദ്, ലഖ്‌നൗ, മുംബൈ, പൂണൈ, ജാംനഗർ, കൊൽക്കത്ത എന്നിവിടങ്ങളിലാണ് തുടക്കത്തിൽ 5 ജി ലഭ്യമാക്കുന്ന നഗരങ്ങൾ. 3ജി, 4ജി എന്നിവ പോലെ തന്നെ ടെലികോം കമ്പനികൾ ഉടൻ തന്നെ 5ജി താരിഫ് പ്ലാനുകളും പ്രഖ്യാപിക്കുമെന്നാണ് സൂചന.

5ജി സേവനങ്ങൾ ലഭിക്കാൻ ഉപഭോക്താക്കൾ കൂടുതൽ പണം ചെലവാക്കാൻ തയ്യാറാകുമെന്ന സാധ്യതയും വ്യവസായ വിദഗ്ദർ മുന്നോട്ട് വെക്കുന്നുണ്ട്. നിലവിൽ മുൻനിര ടെലികോം കമ്പനികളെല്ലാം 4ജി നിരക്കുകളുടെ കാര്യത്തിൽ മൽസരത്തിലാണ്. അതുകൊണ്ട് ഏത് വിലയ്ക്കാണ് 5 ജി സേവനങ്ങൾ ലഭ്യമാക്കേണ്ടത് എന്ന കാര്യത്തിൽ ടെലികോം കമ്പനികളിൽ വലിയ ചർച്ചയും നടക്കുന്നുണ്ട്.
കൂടാതെ കുറഞ്ഞ നിരക്കിൽ 5 ജി ലഭിക്കുന്ന സ്മാര്‍ട് ഫോണുകൾ ലഭ്യമാക്കുന്നതിനെക്കുറിച്ചും ജിയോ ഉൾപ്പെടെയുള്ള ടെലികോം കമ്പനികള്‍ പദ്ധതി ഇടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *