മകളെ രക്ഷിക്കാൻ അമ്മ കാട്ടുപന്നിയോട് പോരാടിയത് അരമണിക്കൂർ, പിന്നാലെ മരണം
കാട്ടുപന്നി ആക്രമണത്തിൽ നിന്നും മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവതിക്ക് ദാരുണാന്ത്യം. ഛത്തീസ്ഗഡിലെ കോർബ ജില്ലയിൽ ഞായറാഴ്ചയാണ് സംഭവം. ദുവ്‌സിയ ബായി (45) എന്ന സ്ത്രീയാണ് മകൾ റിങ്കിയെ (11) രക്ഷിക്കുന്നതിനിടെ മരിച്ചത്. പരുക്കേറ്റ മകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പസാൻ വനമേഖലയിലെ തെലിയമാർ ഗ്രാമത്തിലാണ് സംഭവം. ഫാമിൽ ജോലിക്ക് പോയതായിരുന്നു അമ്മയും മകളും. ഇതിനിടെ റിങ്കിയെ കാട്ടുപന്നി ആക്രമിച്ചു. ഇത് കണ്ട ദുവ്‌സിയ ബായി തന്റെ ജീവൻ പണയപ്പെടുത്തി മകളെ രക്ഷിക്കുകയും വന്യമൃഗവുമായി മല്ലിടുകയും ചെയ്തു. അരമണിക്കൂറോളം നീണ്ട പോരാട്ടത്തിനൊടുവിൽ പന്നി ചത്തു.
ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ദുവ്‌സിയക്കും ജീവൻ നഷ്ടപ്പെട്ടു. പരുക്കേറ്റ റിങ്കിയുടെ കരച്ചിൽ കേട്ട് ഗ്രാമവാസികൾ സ്ഥലത്തെത്തി. പിന്നീട് വനംവകുപ്പും പൊലീസും സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. റിങ്കിയെ ചികിത്സയ്ക്കായി പസാനിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.