കുമളിയിൽ അപകടത്തിൽ മരിച്ച അയ്യപ്പ ഭക്തരുടെ ബന്ധുക്കൾക്ക് സഹായം; രണ്ട് ലക്ഷം വീതം നൽകി തമിഴ്നാട് സർക്കാർ
ഇടുക്കി കുമളിക്ക് സമീപമുണ്ടായ വാഹന അപകടത്തിൽ മരിച്ച അയ്യപ്പ ഭക്തരുടെ ബന്ധുക്കൾക്ക് രണ്ട് ലക്ഷം വീതം സഹായധനം നൽകി തമിഴ്നാട് സർക്കാർ.പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന രാജ മകൻ ഏഴു വയസ്സുകാരൻ ഹരിഹരൻ എന്നിവർക്ക് അൻപതിനായിരം രൂപ വീതവും നൽകി.തമിഴ്നാട് തേനി ജില്ലയിലെ ആണ്ടിപ്പെട്ടി സ്വദേശികളാണ് മരിച്ചത്. കേരള തമിഴ്നാട് അതിത്തിയായ കുമളിയിൽ നിന്നും മൂന്നു കിലോമീറ്റർ അകലെ കഴിഞ്ഞ ദിവസം രാത്രി ഒൻപതരയോടെയാണ് അപകടം നടന്നത്.
ആണ്ടിപ്പെട്ടിയിലും സമീപ ഗ്രാമങ്ങളിലുമുള്ള എട്ടു പേരാണ് അപകടത്തിൽ മരിച്ചത്. ഇവരുടെ വീടുകളിലെത്തി ഗ്രാമവികസന വകുപ്പ് മന്ത്രി ഐ പെരിയ സ്വാമി തുക കൈമാറി. കുമളിക്ക് സമീപം തമിഴ്നാട്ടിൽ ശബരിമലയിൽ നിന്നും മടങ്ങിയ തീർത്ഥാടകരുടെ വാഹനം മറിഞ്ഞായിരുന്നു അപകടം.
നിയന്ത്രണം വിട്ട വാഹനം കൊട്ടാരക്കര ദിണ്ഡുക്കൽ ദേശീയ പാതയിലെ പാലത്തിൽ നിന്നും താഴേക്ക് പതിക്കുകയായിരുന്നു. ഒരു കുട്ടിയുൾപ്പെടെ പത്തു പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പാലത്തിൽ ഇടിച്ചപ്പോൾ വാഹനത്തിലുണ്ടായിരുന്ന ഏഴു വയസ്സുകാരൻ ആണ്ടിപ്പെട്ടി സ്വദേശി ഹരിഹരൻ പുറത്തേക്ക് തെറിച്ചു വീണതിനാൽ കാര്യമായി പരുക്കേൽക്കാതെ രക്ഷപ്പെട്ടു.