ഭാരത് ജോഡോ യാത്രാ കണ്ടെയ്നറിൽ ദില്ലി പൊലീസ് ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥരുടെ പരിശോധന; പരാതിയുമായി കോൺഗ്രസ്
ദില്ലി: ഭാരത് ജോഡോ യാത്ര കണ്ടെയ്നെറില്‍ ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പില്ലാതെ പരിശോധന നടത്തിയെന്ന് കോണ്‍ഗ്രസ്. യാത്ര ദില്ലിയിലേക്ക് പ്രവേശിക്കുന്നതിന് തൊട്ട് മുന്‍പായിരുന്നു സംഭവം. ദില്ലി ഹരിയാന അതിര്‍ത്തിയില്‍ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. രാഹുല്‍ ഗാന്ധിയുടെ യാത്രാ പദ്ധതിയടക്കം ആസൂത്രണം ചെയ്യുന്ന സംഘം തങ്ങുന്ന കണ്ടെയ്നര്‍ പരിശോധിച്ചുവെന്നാണ് പരാതി. മൂന്ന് പേരെ പിടികൂടി സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. പിന്നീട് നടന്ന അന്വേഷണത്തില്‍ ഇവര്‍ ദില്ലി പോലീസ് ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥരാണെന്ന് മനസിലായെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കാട്ടി ഹരിയാന സോന സിറ്റി പോലീസില്‍ കോണ്‍ഗ്രസ് പരാതി നല്‍കി.
യാത്രക്കിടെ രാഹുല്‍ ചര്‍ച്ച നടത്തുന്നയാളുകളെ പിന്നീട് ഇന്‍ററലിജന്‍സ് ഉദ്യോഗസ്ഥര്‍ വിളിച്ചു വരുത്തി വിശദാംശങ്ങള്‍ തേടുന്നതായും കോണ്‍ഗ്രസ് ആക്ഷേപമുയര്‍ത്തി. രാഹുല്‍ ഗാന്ധി എന്താണ് പറഞ്ഞത്, രാഹുലിനോട് എന്താണ് പറഞ്ഞത്, രാഹുലിന് നല്‍കിയ നിവേദനങ്ങളുടെ ഉള്ളടക്കമെന്ത് തുടങ്ങിയ ചോദ്യങ്ങളാണ് ഉന്നയിക്കുന്നത്. മോദിയും അമിത്ഷായും യാത്രയെ ഭയപപ്പെട്ട് തുടങ്ങിയതിന്‍റെ സൂചനകളാണിതെന്ന് ജയറാം രമേശ് പ്രതികരിച്ചു. ഇതിനിടെ മുന്‍പ്രധാനമന്ത്രിമാരുടെ സമാധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതിനൊപ്പം എബി വാജ്പേയ് സ്മൃതിയില്‍ രാഹുല്‍ പുഷ്പാര്‍ച്ചന നടത്തിയത് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. വാജ്പേയി പക്ഷത്തുണ്ടായിരുന്ന വെങ്കയ്യ നായിഡു, രാജ്നാഥ് സിംഗ്, നിതിന്‍ ഗഡ്കകരി എന്നീ കേന്ദ്രമന്ത്രിമാരെ ഭാരത് ജോഡോ യാത്രയിലേക്ക് ക്ഷണിച്ചിട്ടുമുണ്ട്. മധ്യപ്രദേശ് രാജസ്ഥാനടക്കം പ്രധാന സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ സംഘപരിവാറിലെ മോദി വിരുദ്ധത ഉന്നമിട്ടുള്ള രാഷ്ട്രീയ നീക്കമാണ് രാഹുല്‍ നടത്തുന്നത്.