10 ലക്ഷം വിലമതിക്കുന്ന ലോകത്തെ രണ്ടാമത്തെ ഭീമന്‍ ആമ ചെന്നൈയിലെ പാര്‍ക്കില്‍നിന്ന് മോഷണം പോയി
ചെന്നൈ: അന്താരാഷ്ട്ര വിപണിയില്‍ 10 ലക്ഷം രൂപ വിലമതിക്കുന്ന ലോകത്തിലെ രണ്ടാമത്തെ ആമയെ തമിഴ്‌നാട്ടിലെ ചെന്നൈ മഹാബലിപുരത്തെ മുതല പാര്‍ക്കില്‍നിന്ന് മോഷണം പോയി. ആല്‍ഡാബ്ര ഇനത്തില്‍പ്പെട്ട ഭീമന്‍ ആമയെയാണ് ചെന്നൈയില്‍നിന്ന് 56 കിലോമീറ്റര്‍ അകലെയുള്‌ല മദ്രാസ് ക്രോക്കഡൈല്‍ ബാങ്ക് ട്രസ്റ്റ് സെന്റര്‍ ഫോര്‍ ഹെര്‍പറ്റോളജിയില്‍നിന്നും കാണാതായത്. ആമ മോഷ്ടിക്കപ്പെട്ടതാണെന്നാണ് പോലിസിന്റെ നിഗമനം. നവംബര്‍ 11, 12 തിയ്യതികളില്‍ മോഷണം നടന്നിട്ടുണ്ടെന്നാണ് പോലിസ് സംശയിക്കുന്നത്. എങ്കിലും വാര്‍ത്ത ഇപ്പോഴാണ് പുറത്തുവിട്ടതെന്നാണ് വിവരം. പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാര്‍ക്കിനുള്ളിലുള്ളവര്‍ അറിയാതെ മോഷണം നടക്കില്ലെന്നാണ് പോലിസ് പറയുന്നത്. പാര്‍ക്കിലെ ജീവനക്കാരെ ഉള്‍പ്പെടെ പോലിസ് ചോദ്യംചെയ്തു.
പ്രതികള്‍ സമീപത്തെ കാമറയിലൊന്നും കുടുങ്ങിയിട്ടില്ലാത്തതില്‍ മോഷണം ആസൂത്രിതമാണെന്ന് കരുതുന്നതായി ലോക്കല്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ വേല്‍മുരുകന്‍ പറഞ്ഞു. ഭീമാകാരമായ ആമയുടെ ചുറ്റുവട്ടത്ത് സിസിടിവികളൊന്നുമുണ്ടായിരുന്നില്ല. അര്‍ധരാത്രിയില്‍ പാര്‍ക്കിന് പുറത്ത് ആളുകള്‍ വന്നതായി വിവരം ലഭിച്ചിട്ടുണ്ട്. പടിഞ്ഞാറ് ഭാഗത്തെ റോഡ് വഴി ആമയുമായി മോഷ്ടാക്കള്‍ കടന്നതായാണ് സംശയിക്കുന്നത്. ഈ റോഡുകളില്‍ പരിശോധന നടത്തിവരികയാണ്. പ്രത്യേകസംഘമാണ് കേസ് അന്വേഷിക്കുന്നതെന്ന് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ ഇ സുന്ദരവതനത്തെ ഉദ്ധരിച്ച് എന്‍ഡി ടിവി റിപോര്‍ട്ട് ചെയ്തു. ഗാലപ്പഗോസ് ആമകള്‍ക്ക് പിന്നില്‍ വലിപ്പത്തില്‍ രണ്ടാം സ്ഥാനത്താണ് ആല്‍ഡാബ്ര ആമകള്‍.
150 വര്‍ഷം വരെ ആയുസുള്ള ഇവയ്ക്ക് 1.5 മീറ്ററിലധികം നീളവും 200 കിലോഗ്രാം വരെ ഭാരവുമുണ്ടാവും. ഭൂമിയിലെ ഏറ്റവും കൂടുതല്‍ ആയുര്‍ദൈര്‍ഘ്യമുള്ള ജീവിവര്‍ഗങ്ങളിലൊന്നാണ് ഈ ആമകള്‍. തമിഴ്‌നാട്ടിലെ പാര്‍ക്കില്‍നിന്ന് കാണാതായ ആമയ്ക്ക് 80-100 കിലോഗ്രാം ഭാരമുണ്ടാവാമെന്ന് പോലിസ് പറഞ്ഞു. ഇതിന് 50 വയസാണ് പ്രായം കണക്കാക്കുന്നത്. ശരീരഭാഗങ്ങള്‍ മരുന്നിനായി ഉപയോഗിക്കാന്‍ വേണ്ടിയായിരിക്കാം ആമയെ മോഷ്ടിച്ചതെന്നാണ് പോലിസ് കരുതുന്നത്. ഇതുസംബന്ധിച്ച് പാര്‍ക്കിന്റെ ഡയറക്ടര്‍ പ്രതികരിച്ചിട്ടില്ല. പാര്‍ക്കില്‍നിന്ന് ഇതുവരെ അത്തരം സംഭവങ്ങളൊന്നും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നാണ് വിവരം.