ലോകത്തിലെ മികച്ച വിമാനക്കമ്പനി; ആദ്യ ഇരുപതിൽ ഇന്ത്യയുടെ ഈ എയർലൈൻ
ലോകത്തിലെ ഏറ്റവും മികച്ച എയർലൈനുകളുടെ പട്ടിക പുറത്ത്. 2022 ലെ സ്‌കൈട്രാക്‌സ് വേൾഡ് എയർലൈൻ അവാർഡിൽ മികച്ച 20 എയർലൈനുകളിൽ ഇടം നേടി ഇന്ത്യയുടെ വിസ്താര. ലോകത്തിലെ ഏറ്റവും മികച്ച എയർലൈനായി ഖത്തർ എയർവേയ്‌സ് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ സിംഗപ്പൂർ എയർലൈൻസ് ലിമിറ്റഡും എമിറേറ്റ്‌സും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തി.
കൊവിഡ് മൂലമുള്ള നിയന്ത്രണങ്ങള്‍ മാറ്റിയതോടെ 2022-ല്‍ വ്യോമയാന മേഖലയും ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയിലാണ്. തങ്ങളുടെ അനുഭവം അടിസ്ഥാനമാക്കി 2022 ലെ ഏറ്റവും മികച്ച വിമാന കമ്പനിയായി യാത്രക്കാര്‍ തെരഞ്ഞെടുത്തത് ഖത്തര്‍ എയര്‍വെയ്‌സിനെയാണ്.
കൊവിഡ് മഹാമാരിയെ തുടർന്ന് ലോകം ഒന്നാകെ ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായത് വിമാന കമ്പനികളായിരുന്നു. നിയന്ത്രണങ്ങൾ നീക്കിയ ശേഷം കൊവിഡിന് മുൻപുള്ള നിലയിലേക്ക് എയർലൈനുകൾ എത്തുന്നതേയുള്ളു. ലോകത്തിലെ തന്നെ മികച്ച എയർലൈനുകളുടെ പട്ടികയിൽ ആദ്യ ഇരുപതിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് വിസ്താര.
യുകെ ആസ്ഥാനമായിട്ടുള്ള വിമാന-വിമാനത്താവള അവലോകന റാങ്കിങ് സൈറ്റാണ് സ്‌കൈട്രാക്സ്. 2021 സെപ്റ്റംബറിനും 2022 ഓഗസ്റ്റിനും ഇടയില്‍ 100 ലധികം രാജ്യങ്ങളിലായി 14 ദശലക്ഷത്തിലധികം യാത്രക്കാരില്‍ നിന്ന് അഭിപ്രായങ്ങള്‍ തേടിയാണ് സര്‍വേ സംഘടിപ്പിച്ചത്.