Monday, January 6, 2025
National

കാര്‍ഗില്‍ യുദ്ധ വിജയത്തിന് 23 വയസ്; രക്തസാക്ഷികള്‍ക്ക് ആദരമര്‍പ്പിച്ച് രാജ്യം

കാര്‍ഗിലില്‍ ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിന് ഇന്ന് 23 വര്‍ഷം. രാഷ്ട്രത്തിനായി ജീവന്‍ ബലികഴിച്ച ധീരരക്തസാക്ഷികള്‍ക്ക് ആദരം അര്‍പ്പിക്കുകയാണ് രാജ്യം.

1999 മെയ് രണ്ടിനാണ് അറുപത് ദിവസത്തിലേറെ നീണ്ടു നിന്ന കാര്‍ഗില്‍ യുദ്ധത്തിന്റെ തുടക്കം. കലാപകാരികളുടെ വേഷത്തില്‍ പാക് സൈന്യം കാര്‍ഗിലിലെ തന്ത്രപ്രധാനമായ മേഖലകളില്‍ നുഴഞ്ഞുകയറി. 1999ലെ കൊടുംശൈത്യത്തില്‍ ഇന്ത്യ, സൈന്യത്തെ പിന്‍വലിച്ച തക്കം നോക്കി, ഉപാധികളും കരാറുകളും കാറ്റില്‍ പറത്തി, നിയന്ത്രണ രേഖയിലൂടെ പര്‍വേഷ് മുഷറഫിന്റെ ഗൂഡ സംഘം അതിര്‍ത്തി കടന്നു. ഓപ്പറേഷന്‍ ബാദര്‍ എന്ന സൈനികനീക്കത്തിലൂടെ പാകിസ്താന്‍ കൈവശപ്പെടുത്തിയത് കിലോമീറ്ററുകള്‍.

ഇന്ത്യ സൈനികനീക്കം അറിയുന്നത് ആട്ടിടയന്‍മാരിലൂടെയായിരുന്നു. പക്ഷേ നിജസ്ഥിതി അറിയാന്‍ അതിര്‍ത്തിയിലേക്ക് പോയ സൈനികര്‍ മടങ്ങി എത്തിയില്ല. മലനിരകള്‍ക്ക് മുകളില്‍ നിലയുറപ്പിച്ച പാക് സൈന്യത്തിനെ തുരത്താന്‍ ഇന്ത്യ ഓപ്പറേഷന്‍ വിജയ് എന്ന സൈനിക നടപടിക്ക് തുടക്കമിട്ടു. നുഴഞ്ഞുകയറിയ പാക് സൈന്യത്തെ നേരിടാന്‍ ആദ്യമിറങ്ങിയത് കരസേന. പിന്നാലെ ഓപ്പറേഷന്‍ തല്‍വാറുമായി നാവിക സേനയെത്തി.

പാക് തുറമുഖങ്ങള്‍ നാവിക സേന ഉപരോധിച്ചു. ശ്രീനഗര്‍ വിമാനത്താവളം ലക്ഷ്യമിട്ട് മലമുകളില്‍ നിലയുറപ്പിച്ച പാക് സൈന്യത്തെ തുരത്താന്‍ വ്യോമസേനയുടെ ഓപ്പറേഷന്‍ സഫേദ് സാഗര്‍. ദിവസങ്ങള്‍ നീണ്ട പോരാട്ടം. ജൂലൈ നാലിന് ടൈഗര്‍ ഹില്‍സിന് മുകളില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തുന്നതു വരെ അത് നീണ്ടു നിന്നു. ഒടുവില്‍ കരളുറപ്പുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ പോരാട്ടവീര്യമറിഞ്ഞ പാക് പട തോറ്റു മടങ്ങി. ജൂലൈ 14ന് കാര്‍ഗിലില്‍ ഇന്ത്യ വിജയം വരിച്ചതായി പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി പ്രഖ്യാപിച്ചു.

ജൂലൈ 26 ന് യുദ്ധം അവസാനിച്ചതായുള്ള ഔദ്യോഗിക പ്രഖ്യാപനം. ക്യാപ്റ്റന്‍ വിക്രം ബത്ര, ക്യാപ്റ്റന്‍ സൗരബ് കാലിയ, ലെഫ്റ്റ് കേണല്‍ ആര്‍ വിശ്വനാഥന്‍, ക്യാപ്റ്റന്‍ ആര്‍ ജെറി പ്രേംരാജ്…. മഞ്ഞു മലയില്‍ അമരത്വം നേടിയത് ഇന്ത്യയുടെ 527 ധീര യോദ്ധാക്കള്‍. കാര്‍ഗില്‍ വിജയ ദിനത്തില്‍ അഭിമാനത്തോടെ അനുസ്മരിക്കുകയാണ് രാജ്യം ആ ധീര രക്തസാക്ഷികളെ…

Leave a Reply

Your email address will not be published. Required fields are marked *