ഭീഷണിയുടെയും പകപോക്കലിന്റെയും രാഷ്ട്രീയത്തെ കോണ്‍ഗ്രസ് ഭയപ്പെടില്ല; സുധാകരന്റെ അറസ്റ്റില്‍ രാഹുല്‍ ഗാന്ധി
കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ അറസ്റ്റില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി. ഭീഷണിയുടെയും പകപോക്കലിന്റെയും രാഷ്ട്രീയത്തെ കോണ്‍ഗ്രസ് പാര്‍ട്ടി ഭയപ്പെടില്ലെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. കെ സുധാകരന്റെയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും താരിഖ് അന്‍വറിന്റെയും ചിത്രം പങ്കുവച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.
സുധാകരനും വി ഡി സതീശനും രാഹുല്‍ ഗാന്ധിയുടെ വസതിയിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. കേരളത്തിലെ പ്രശ്‌നങ്ങളില്‍ ഹൈക്കമാന്‍ഡിന്റെ പിന്തുണ ലഭിച്ചെന്ന് സുധാകരന്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. കേരളത്തിലെ സാഹചര്യം ഹൈക്കമാന്‍ഡിനെ ബോധിപ്പിച്ചു. സുധാകരനെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് കേരളത്തിന്റെ ചുമതലയുള്ള താരിഖ് അന്‍വര്‍ പ്രതികരിച്ചു. കേരളത്തില്‍ നേതൃമാറ്റം ആലോചനയില്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ കേസെടുത്ത സാഹചര്യം ഹൈക്കമാന്‍ഡിനെ ബോധ്യപ്പെടുത്തുകയായിരുന്നു നേതൃത്വവുമായുള്ള കൂടിക്കാഴ്ചയില്‍ കേരളത്തിലെ നേതാക്കളുടെ ലക്ഷ്യം. സുധാകരനെതിരെ കേസെടുത്തിട്ടും സമര മുഖങ്ങളില്‍ യൂത്ത് കോണ്‍ഗ്രസിന്റെ സാന്നിധ്യം ഇല്ല എന്ന പരാതി സംസ്ഥാന നേതൃത്വത്തിനുണ്ട്. സംഘടന തെരഞ്ഞെടുപ്പില്‍ വോട്ട് ഉറപ്പിക്കുക മാത്രമാണ് ഇത്രയും പ്രശ്‌നങ്ങള്‍ നടക്കുമ്പോഴും യൂത്ത് കോണ്‍ഗ്രസിന്റെ ശ്രദ്ധയെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ പരാതി.
അതിനിടെ മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിന് പുറമേ കെ.സുധാകരനെതിരെ വിജിലന്‍സും അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. സുധാകരന്റെ ഭാര്യയുടെ ശമ്പളവിവരങ്ങള്‍ തേടി വിജിലന്‍സ് നോട്ടിസ് അയച്ചു. കെ.സുധാകരന്റെ മുന്‍ ഡ്രൈവര്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം. അന്വേഷണത്തെ നേരിടാന്‍ തയ്യാറെന്ന് കെ സുധാരന്‍ പറഞ്ഞു.