കെ സുധാകരനും വി.ഡി സതീശനും ഇന്ന് ഡൽഹിയിൽ
കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഇന്ന് ഡൽഹിയിലെത്തും. ഹൈക്കമാൻഡ് നേതാക്കളെ നേരിൽ കാണാനാണ് യാത്ര. പ്രതിപക്ഷ നേതാക്കൾക്കെതിരെ കേസെടുത്ത സാഹചര്യം ഹൈക്കമാൻഡിനെ ബോധ്യപ്പെടുത്തും. ഒപ്പം സർക്കാരിനും സിപിഐഎം സംസ്ഥാന സെക്രട്ടറിക്കും എതിരെ നിയമ സ്വീകരിക്കാനുള്ള അനുവാദവും തേടും.
യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ഇരുവരും ഹൈക്കമാൻഡിനോട് അഭ്യർത്ഥിക്കും. സംസ്ഥാനത്തെ ഗ്രൂപ്പ് പോര് സമരം നടത്തുന്നതിൽ പോലും തിരിച്ചടിയായിട്ടുണ്ട് എന്ന് നേതാക്കൾ അറിയിക്കും. സമര മുഖങ്ങളിൽ യൂത്ത് കോൺഗ്രസിന്റെ സാന്നിധ്യം ഇല്ല എന്ന പരാതിയും ഉന്നയിക്കും. സംഘടന തിരഞ്ഞെടുപ്പിൽ വോട്ട് ഉറപ്പിക്കുക മാത്രമാണ് ഇത്രയും പ്രശ്നങ്ങൾ നടക്കുമ്പോഴും യൂത്ത് കോൺഗ്രസിന്റെ ശ്രദ്ധയെന്നാണ് സംസ്ഥാന നേതൃത്വത്തിൻ്റെ പരാതി.
മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട പോക്സോ കേസിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ കെ സുധാകരൻ എംപി രംഗത്തുവന്നിരുന്നു. എം.വി ഗോവിന്ദനെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞു. മോൻസൺ പെൺകുട്ടിയെ പീഡിപ്പിക്കുമ്പോൾ സുധാകരൻ വീട്ടിലുണ്ടായിരുന്നുവെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി ആരോപിച്ചിരുന്നത്. ദേശാഭിമാനി പത്രത്തെ ഉദ്ധരിച്ചായിരുന്നു പരാമർശം.
എം.വി ഗോവിന്ദനും സിപിഐഎം മുഖപത്രമായ ദേശാഭിമാനിക്കുമെതിരെ രണ്ട് ദിവസത്തിനകം കോടതിയെ സമീപിക്കും. സാമ്പത്തിക തട്ടിപ്പ് കേസ് നടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപേക്ഷ നൽകുമെന്നും കെ സുധാകരൻ വ്യക്തമാക്കി. നേരത്തെ മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട പോക്സോ കേസിൽ ദേശാഭിമാനി പത്രം ഉദ്ധരിച്ചു കൊണ്ട് എം.വി ഗോവിന്ദൻ സുധാകരനെതിരേ ആരോപണം ഉന്നയിച്ചിരുന്നു.
കുട്ടി പീഡനത്തിനിരയാകുന്ന സമയത്ത് അവിടെ കെ സുധാകരൻ ഉണ്ടായിരുന്നുവെന്നാണ് ആരോപണം. പ്രസ്താവനയിൽ അദ്ദേഹം ഉറച്ചു നിൽക്കുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിലാണ് നിയമനടപടികളുമായി മുന്നോട്ട് പോകാൻ കെ സുധാകരന്റെ തീരുമാനം. പോക്‌സോ കേസ് അതിജീവിതയെ തനിക്ക് പരിചയമില്ലെന്ന് ആരോപണം പുറത്തുവന്ന പശ്ചാത്തലത്തിൽ തന്നെ കെ സുധാകരൻ വ്യക്തമാക്കിയിരുന്നു.