Tuesday, April 15, 2025
Kerala

നഴ്‌സുമാർക്ക് അടിസ്ഥാന ശമ്പളം 40000 രൂപയാക്കണം; സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്താൻ യുഎൻഎ

കേരളത്തിലെ നഴ്‌സുമാർക്ക് ശമ്പളപരിഷ്കരണം നടത്തണമെന്ന് ആവശ്യപ്പെട്ട് ജൂലൈ 19ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തുമെന്ന് യുഎൻഎ ദേശീയ പ്രസിഡന്റ് ജാസ്മിൻഷാ. ആശുപത്രികളിൽ മിനിമം സ്റ്റാഫ് ഒഴികെയുള്ളവർ സമരത്തിൽ പങ്കെടുക്കും. സർക്കാർ ആശുപത്രികളുടെ നേഴ്സുമാർക്ക് സമാനമായി സ്വകാര്യ മേഖലയിലും ശമ്പളം ലഭ്യമാക്കണം എന്നാണ് സംഘടനയുടെ പ്രധാന ആവശ്യം. 40000 രൂപ അടിസ്ഥാന ശമ്പളമാക്കണം.

ശമ്പള വർദ്ധനവിൽ സർക്കാർ ഇടപെടൽ ഉണ്ടായില്ലെങ്കിൽ സമ്പൂർണ്ണമായി പണിമുടക്കി നവംബറിൽ തിരുവനന്തപുരത്തേക്ക് ലോങ്ങ് മാർച്ച് നടത്തും. ആശുപത്രി സംരക്ഷണ ഒർഡിനൻസ് ഒരു ദിവസം കൊണ്ട് നടപ്പാക്കിയ സർക്കാരിന് ശമ്പളവർ ധന നടപ്പാക്കാൻ പ്രയാസമുണ്ടാകില്ല എന്ന് സംഘടനാ പ്രസിഡന്റ് അറിയിച്ചു.

ആശുപത്രി സംരക്ഷണ നിയമം വന്നിട്ടും നേഴ്സുമാർക്ക് സംരക്ഷണം ലഭിക്കുന്നില്ല. സഹപ്രവർത്തകർ പോലും ആക്രമിക്കപ്പെടുന്നു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനെ എതിർത്ത് പറയാൻ യുഎൻഎക്ക് അധികാരമില്ലാത്ത സ്ഥിതി. ആശുപത്രിയുടെ ഏറ്റവും അധികം വരുമാനം കൊണ്ടു പോകുന്നത് ഐഎംഎ ആണെന്നും ഒരേ തട്ടിൽ രണ്ടു ഭക്ഷണം വിളമ്പാൻ അനുവദിക്കില്ല എന്നും ജാസ്മിൻ ഷാ പറഞ്ഞു.

ഡോക്ടർമാർക്കെതിരെ രൂക്ഷ വിമർശനവുമായി യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ദേശീയ പ്രസിഡന്റ് ജാസ്മിൻഷാ ഇന്ന് രാവിലെ രംഗത്തെത്തിയിരുന്നു. ഡോക്ടർമാരുടെ സമരത്തിന് നഴ്സസ് അസോസിയേഷൻ പിന്തുണ നൽകി. എന്നാൽ നഴ്സുമാരുടെ ശമ്പള കാര്യം വരുമ്പോൾ ഡോക്ടർമാർ അപോസ്തലൻമാരാകുന്നു. ഐഎംഎ പോലും നേഴ്സുമാർക്കെതിരായ നിലപാടാണ് സ്വീകരിക്കുന്നത് എന്നും ജാസ്മിൻഷാ വിമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *