Monday, March 10, 2025
National

16 വയസുകാരിക്ക് ഉഭയസമ്മത പ്രകാരം ലൈംഗികബന്ധത്തിൽ ഏർപ്പെടാം; കാമുകനെതിരായ കേസ് റദ്ദാക്കി കോടതി

16 വയസുകാരിയായ പെൺകുട്ടിക്ക് ഉഭയസമ്മത പ്രകാരം ലൈംഗികബന്ധത്തിൽ ഏർപ്പെടാമെന്ന് മേഘാലയ ഹൈക്കോടതി. പെൺകുട്ടിയുടെ കാമുകനെതിരെ രജിസ്റ്റർ ചെയ്ത പോക്സോ കേസ് കോടതി റദ്ദാക്കി. പരസ്പര സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി കേസ് റദ്ദാക്കിയത്. കാമുകൻ പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്ന് കാട്ടി അമ്മയാണ് പൊലീസിൽ പരാതിപ്പെട്ടത്.

ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനെ കുറിച്ച് യുക്തമായ തീരുമാനമെടുക്കാനുള്ള കഴിവ് 16കാരിയായ പെൺകുട്ടിക്കുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഇരുവരും തമ്മിൽ പ്രണയത്തിലാണ്. അതുകൊണ്ട് തന്നെ ലൈംഗികബന്ധം പരസ്പര സമ്മത പ്രകാരമായിരുന്നു. പ്രണയ ബന്ധത്തിലുള്ള കൗമാരക്കാരായ പെൺകുട്ടികളുടെ വീട്ടുകാരുടെ പരാതിയിലെടുക്കുന്ന പോക്സോ കേസുകൾ വർധിക്കുകയാണ്. പോക്സോ കേസ് ഇത്തരത്തിൽ ദുരുപയോ​ഗം ചെയ്യാതിരിക്കാനായി നിയമത്തിൽ മാറ്റം കൊണ്ടുവരേണ്ടത് ആവശ്യമാണ് എന്നും കോടതി നിരീക്ഷിച്ചു.

2021ലാണ് കേസിന് ആസ്പദമായ സംഭവം. വീട്ടുജോലിക്ക് പോയിരുന്ന പെൺകുട്ടിയും കാമുകനും അമ്മാവന്റെ വീട്ടിൽ എത്തിയാണ് ലൈം​ഗിക ബന്ധത്തിലേർപ്പെട്ടത്. ഇതിനു പിറ്റേന്ന് കുട്ടിയുടെ അമ്മ പൊലീസിൽ പരാതിനൽകി. മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. തങ്ങൾ പ്രണയത്തിലാണെന്നും തന്റെ ഇഷ്ടപ്രകാരമാണ് ലൈം​ഗിക ബന്ധത്തിലേർപ്പെട്ടതെന്നും പെൺകുട്ടി കോടതിയെ അറിയിച്ചു. ഇത് കോടതി മുഖവിലക്കെടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *