Thursday, April 17, 2025
National

തോക്കുചൂണ്ടി കവർച്ച: ഡൽഹി ഗവർണറുടെ രാജി ആവശ്യപ്പെട്ട് അരവിന്ദ് കെജ്‌രിവാൾ

ഡൽഹി നഗരമധ്യത്തില്‍ തോക്കുചൂണ്ടി പണം കവർന്ന സംഭവത്തിൽ ലഫ്റ്റനന്റ് ഗവർണർ വി.കെ സക്‌സേനയുടെ രാജി ആവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഡൽഹിയുടെ സുരക്ഷാ ചുമതല സംസ്ഥാന സർക്കാരിനെ ഏൽപ്പിക്കണമെന്ന് കെജ്‌രിവാൾ ആവശ്യപ്പെട്ടു. സംഭവത്തിന്റെ വീഡിയോ പങ്കുവച്ചാണ് മുഖ്യമന്ത്രി തന്റെ ആവശ്യം ആവർത്തിച്ചത്.

ലഫ്റ്റനന്റ് ഗവർണർ രാജിവച്ച്, രാജിവച്ച് ഡൽഹിയിലെ ജനങ്ങൾക്ക് സുരക്ഷയും സംരക്ഷണവും നൽകാൻ കഴിവുള്ളവർക്ക് വഴിമാറിക്കൊടുക്കണമെന്ന് അരവിന്ദ് കെജ്‌രിവാൾ ട്വീറ്റ് ചെയ്തു. ഡൽഹിയുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാരിന് കഴിയുന്നില്ലെങ്കിൽ, ചുമതല സംസ്ഥാന സർക്കാരിന് കൈമാറണം. നഗരത്തെയും പൗരന്മാരെയും എങ്ങനെ സുരക്ഷിതമാക്കാമെന്ന് സർക്കാർ കാണിച്ചുകൊടുക്കുമെന്നും കെജ്‌രിവാൾ വ്യക്തമാക്കി. നേരത്തെ ക്രമസമാധാന പ്രശ്നത്തിൽ പരസ്പരം കുറ്റപ്പെടുത്തി ഇരുവരും കത്തയച്ചിരുന്നു.

അതേസമയം കഴിഞ്ഞ ദിവസമാണ് ഡൽഹി നഗരമധ്യത്തില്‍ തോക്ക് ചൂണ്ടി പണം കൊള്ളയടിച്ചത്. പ്രഗതി മൈതാനില്‍ നിന്ന് നോയിഡയിലേക്ക് പോകുന്ന ഭാഗത്തെ ടണലിനുള്ളില്‍ വച്ചായിരുന്നു കവര്‍ച്ച. രണ്ടുബൈക്കുകളിലെത്തിയ മുഖം മൂടി ധരിച്ച സംഘമാണ് കാര്‍ തടഞ്ഞുനിര്‍ത്തിയ ശേഷം രണ്ടുലക്ഷം രൂപ തട്ടിയെടുത്തത്. ഗുരുഗ്രാമിലേക്ക് പണവുമായി പോകുകയായിരുന്ന കാര്‍ തടഞ്ഞുനിര്‍ത്തി തോക്കുചൂണ്ടി നാലംഗ സംഘം പണം കവരുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. തുരങ്കത്തില്‍ സ്ഥാപിച്ച സിസിടിവിയിലാണ് കൊള്ള നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *