കാമുകിയുടെ അച്ഛനോടുള്ള വൈരാഗ്യം; അച്ഛന്റെ ഫോണിൽ നിന്ന് യോഗി ആദിത്യനാഥിന് വധഭീഷണി സന്ദേശമയച്ച് യുവാവ്
കാമുകിയുടെ അച്ഛന്റെ ഫോണിൽ നിന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി സന്ദേശമയച്ച യുവാവ് പിടിയിൽ. അമീൻ എന്ന 19 കാരനാണ് പിടിയിലായത്.
കാമുകിയുമായുള്ള ബന്ധം എതിർത്ത അച്ഛനെ കുടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇയാളുടെ ഫോൺ തട്ടിയെടുത്ത് അമീൻ വധഭീഷണി അയച്ചത്. പൊലീസിന്റെ 112 എന്ന എമർജൻസി നമ്പറിൽ ‘ഞാൻ അടുത്തുതന്നെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കൊല്ലും’ എന്ന സന്ദേശമാണ് അയച്ചത്. ഏപ്രിൽ 23ന് രാത്രി 10.22 ഓടെയാണ് പൊലീസിന് സന്ദേശം ലഭിച്ചത്.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഫോൺ കണ്ടെത്തി. ഫോണിന്റെ ഉടമ ഇ-റിക്ഷാ ഡ്രൈവറാണെന്നും കണ്ടെത്തി. അദ്ദേഹത്തെ ചോദ്യം ചെയ്യുന്നതിനിടെയാണ് ഫോൺ 10 ദിവസമായി കാണാനില്ലായിരുന്നുവെന്ന വിവരം അറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അമീൻ ചിത്രത്തിലേക്ക് വരുന്നത്.
അമീനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനിടെയാണ് ഫോണിന്റെ ഉടമയായ റിക്ഷാ ഡ്രൈവർ തന്റെ കാമുകിയുടെ പിതാവാണെന്നും തങ്ങളുടെ ബന്ധം എതിർത്തതിലുള്ള വൈരാഗ്യമാണ് പ്രവർത്തിക്ക് പിന്നിലെന്നും അമീൻ വെളിപ്പെടുത്തുന്നത്. തുടർന്ന് അമീനെതിരെ പൊലീസ് കേസെടുത്തു. ഐപിസി സെക്ഷൻ 506, 507, ഐടി ആക്ട് 66 എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.