സ്വയം പ്രഖ്യാപിത ആൾദൈവം ഫീസ് വർധിപ്പിച്ചു; ഒരു ദിവസത്തെ ഹോമത്തിന് ഏപ്രിൽ ഒന്ന് മുതൽ ഫീസ് രണ്ടര ലക്ഷം രൂപ
ഉത്തർ പ്രദേശിലെ കാൺപൂരിലുള്ള സ്വയം പ്രഖ്യാപിത ആൾ ദൈവം കരൗളി ബാബ ഫീസ് വർധിപ്പിച്ചു. ഒരു ദിവസത്തെ ഹോമത്തിന് ഒരു ലക്ഷം രൂപയാണ് വർധിപ്പിച്ചത്. ഏപ്രിൽ ഒന്ന് മുതൽ ഹോമത്തിന് രണ്ട് ലക്ഷത്തി 51,000 രൂപ നൽകണം. നേരത്തെ ഇത് ഒരു ലക്ഷത്തി 51,000 രൂപയായിരുന്നു. കരൗളി ബാബ പ്രാർത്ഥിച്ചിട്ടും തനിക്ക് ഉപകാരമൊന്നുമുണ്ടായില്ലെന്ന് ആരോപിച്ച ഒരു ഡോക്ടറെ ആൾ ദൈവത്തിൻ്റെ അനുയായികൾ മർദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഫീസ് കൂട്ടിയത്.
അസുഖം സുഖപ്പെടുത്തുമെന്നും വലിയ പ്രശ്നങ്ങൾ മാറ്റുമെന്നും തെരഞ്ഞെടുപ്പിൽ സഹായിക്കുമെന്നൊക്കെ വാഗ്ധാനം ചെയ്താണ് കരൗളി ബാബ അഥവാ സന്തോഷ് സിംഗ് ബദോരിയയുടെ പൂജ. ആശ്രമത്തിൽ ഹോമം നടത്താൻ ആഗ്രഹമുള്ളവർക്ക് 3500 രൂപ നിരക്കിൽ ഒരു കിറ്റ് നൽകും. എന്നാൽ, ഏതെങ്കിലും പ്രശ്നത്തിനു പരിഹാരം കാണാനോ അസുഖം ഭേദപ്പെടുത്താനോ ഈ കിറ്റുകൾ 9 എണ്ണം വേണം. അതിന് 31,500 രൂപ വിലയാകും. ഹോമം ആവശ്യമുള്ളവർ ഉയർന്ന വിലനൽകി ആശ്രമത്തിൽ കഴിയുകയും ചെയ്യണം. ഇത് ബുദ്ധിമുട്ടുള്ളവർക്കായാണ് ഇയാൾ ഒരു ദിവസം നീളുന്ന ഹോമം അവതരിപ്പിച്ചത്. 1.51 ലക്ഷം രൂപയായിരുന്ന ഈ ഹോമത്തിനാണ് ഇപ്പോൾ ഒരു ലക്ഷം രൂപ വർധിപ്പിച്ചത്.
മാർച്ച് 31 വരെയുള്ള തീയതികൾ ബുക്ക് ചെയ്തുകഴിഞ്ഞതായി ഇയാളുടെ അസിസ്റ്റൻ്റ് അറിയിച്ചതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഏപ്രിൽ ഒന്ന് മുതൽ പുതിയ നിരക്ക് നിലവിൽ വരും.