ബൈക്കില്‍ നിന്ന് വീണ ആറുവയസുകാരനുമായി ട്രക്ക് പാഞ്ഞത് രണ്ട് കിലോമീറ്റര്‍; കുട്ടിക്ക് ദാരുണാന്ത്യം
ഉത്തര്‍പ്രദേശ് മഹോബയില്‍ ആറുവയസുകാരന് ദാരുണാന്ത്യം. സ്‌കൂട്ടറില്‍ നിന്ന് വീണ കുട്ടിയെ രണ്ട് കിലോമീറ്ററോളം ട്രക്ക് വലിച്ചിഴച്ചു. അപകടത്തില്‍ കുട്ടി ഉള്‍പ്പെടെ സ്‌കൂട്ടറില്‍ യാത്ര ചെയ്ത രണ്ടുപേര്‍ മരിച്ചു. ട്രക്ക് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ബിജനോറിലെ കാണ്‍പൂര്‍ -സാഗര്‍ ദേശീയ പാതയിലാണ് അപകടമുണ്ടായത്. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഉദിത് നരന്‍ ചൗരസ്യ എന്ന 67കാരനെയും കൊച്ചുമകന്‍ സാധ്വികിനെയും ഇടിച്ചിടുകയായിരുന്നു. അമിത വേഗത്തിലെത്തിയ ട്രക്ക് ബൈക്കിനെ ഇടിച്ചിട്ട ശേഷം കുഞ്ഞുമായി രണ്ട് കിലോമീറ്ററോളം കടന്നുപോയി.
കുഞ്ഞ് വാഹനത്തിനിടയില്‍ കുടുങ്ങിയ വിവരം നാട്ടുകാര്‍ അറിയിക്കാന്‍ ശ്രമിച്ചിട്ടും ഡ്രൈവര്‍ വാഹനം നിര്‍ത്താന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് നാട്ടുകാര്‍ സംഘം ചേര്‍ന്ന് ട്രക്ക് തടയുകയായിരുന്നു. വാഹനവും ഡ്രൈവറും പൊലീസ് കസ്റ്റിഡിയിലാണ്.