രാജ്യത്തെ കൊവിഡ് കേസുകൾ നാല് കോടി പിന്നിട്ടു; 24 മണിക്കൂറിനിടെ 2.85 ലക്ഷം കേസുകൾ
രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗത്തിന്റെ തീവ്രത കുറയുന്നതായി സൂചന. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,85,914 പേർക്കാണ് കൊവിഡ് ബാധിച്ചത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.16 ശതമാനമാണ്
രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം നാല് കോടി പിന്നിട്ടു. 4,00,85,116 പേർക്കാണ് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 665 പേർ കൊവിഡ് ബാധിച്ച് മരിച്ചു. മരണസംഖ്യ ഉയരുന്നത് ആശങ്കക്ക് വഴിവെക്കുന്നുണ്ട്. ആകെ കൊവിഡ് മരണം 4,91,127 ആയി ഉയർന്നു.
ഒരു ദിവസത്തിനിടെ 2,99,073 പേർ രോഗമുക്തി നേടി. ഏറെക്കാലത്തിന് ശേഷമാണ് പ്രതിദിന വർധനവിനേക്കാൾ കൂടുതൽ രോഗമുക്തി ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ 22,23,018 പേരാണ് ചികിത്സയിൽ കഴിയുന്നത്. മൂന്നാം തരംഗത്തിൽ മാത്രം അമ്പത് ലക്ഷം കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.