Monday, January 6, 2025
National

മഞ്ഞില്‍ പടരുമോ ചുവപ്പ്; ഹിമാചലില്‍ പ്രതീക്ഷയോടെ സിപിഐഎം

മഞ്ഞുമലകളില്‍ അങ്ങിങ്ങ് ചുവപ്പുകണങ്ങള്‍ . ഹിമാചല്‍ പ്രദേശിലെ സിപിഐഎമ്മിനെ ഇങ്ങനെ വിശേഷിപ്പിക്കാം. അവിടെയും ഇവിടെയും സിപിഐഎമ്മിന് ചില സ്വാധീന കേന്ദ്രങ്ങളുണ്ട്. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ പതിനൊന്ന് മണ്ഡലങ്ങളിലാണ് സിപിഐഎം മത്സരിക്കുന്നത്.)

25 വര്‍ഷം മുമ്പ് ഹിമാചല്‍ തലസ്ഥാനമായ ഷിംലയില്‍ സിപിഐഎമ്മിന്റെ ചുവപ്പു കൊടി പാറിച്ച് വിജയിച്ച രാകേഷ് സിംഘ ഇത്തവണയും മത്സര രംഗത്തുണ്ട്. കഴിഞ്ഞ തവണ വിജയിച്ച തിയോ ഗില്‍ തന്നെയാണ് സിംഘയുടെ പോരാട്ടം .

ഹിമാചല്‍ സര്‍വകലാശാലയിലെ എസ്എഫ്‌ഐയാണ് സിപിഐഎമ്മിന്റെ അടിത്തറ. രാകേഷ് സിംഘ ഉള്‍പ്പെടെ സംസ്ഥാനത്തെ സിപിഐഎം നേതാക്കളൊക്കെ സര്‍വകലാശാല യൂണിയന്‍ ഭാരവാഹികളായിരുന്നു. ഷിംല കോര്‍പ്പറേഷനും സിപിഐഎം ഭരിച്ചിട്ടുണ്ട്.

മണ്ഡി ജില്ലയിലെ സെരാജില്‍ മുഖ്യമന്ത്രി ജയ്‌റാം താക്കൂറിനെതിരെ സിപിഐഎം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് മഹേന്ദര്‍ റാണയാണ്. ഷിംല അര്‍ബന്‍ മണ്ഡലത്തില്‍ മുന്‍ ഡെപ്യൂട്ടി മേയര്‍ ടിക്കന്ദര്‍ സിംഗ് പന്‍വര്‍ മത്സരിക്കുന്നു. കുസുംപതിയിലെ സ്ഥാനാര്‍ത്ഥി മുന്‍ ഐഎഫ് എസ് ഓഫീസറും കിസാന്‍ സഭ അധ്യക്ഷനുമായ കുല്‍ദീപ് സിംഗ് തന്‍വറാണ്. ജബ്ബല്‍ കോത്‌ക്കെയില്‍ കര്‍ഷക നേതാവ് വിശാല്‍ ശംഖ്തയും ദേവകി നന്ദില്‍ കിശോരി ലാലും കുളുവില്‍ ഹോതം സിംഗ് സോംഖ്‌ലയും ജോഗീന്ദര്‍ നഗറില്‍ കുശാല്‍ ഭരദ്വാജും ഹമീര്‍പൂരില്‍ കശ്മീര്‍ സിംഗ് താക്കൂറും പച്ഛാദില്‍ ആശിഷ് കുമാറും സിപിഐഎം സ്ഥാനാര്‍ത്ഥികളാണ്.

മത്സരിക്കുന്ന പതിനൊന്നു സീറ്റില്‍ സി പി ഐ എമ്മിന് ഏറെ പ്രതീക്ഷ തിയോഗിലാണ്. കോണ്‍ഗ്രസിലെ കുല്‍ദീപ് സിംഗ് റാത്തോറും ബി ജെ പിയിലെ അജയ് ശ്യാമുമാണ് സിംഘ യുടെ എതിരാളികള്‍ . കഴിഞ്ഞ തവണ ശക്തമായ ത്രികോണ മത്സരത്തില്‍ 1983 വോട്ടിനായിരുന്നു രാകേഷ് സിംഘ യുടെ വിജയം. കോണ്‍ഗ്രസിലെ ചേരിപ്പോരും ഇവിടെ സി പി ഐ എം വിജയത്തിന് സഹായകമായിരുന്നു .മത്സരിക്കുന്ന സീറ്റുകളില്‍ തീവ്രശ്രമം നടത്താനാണ് സി പി ഐ എം തീരുമാനം .മറ്റിടങ്ങളില്‍ ബിജെപിക്കെതിരായ ശക്തരായ സ്ഥാനാര്‍ത്ഥികളെ പിന്തുണക്കും.26 ന് സീതാറാം യെച്ചൂരി ഉള്‍പ്പെടെ കേന്ദ്ര നേതാക്കള്‍ ഹിമാചലില്‍ പ്രചാരണത്തിന് എത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *