Saturday, January 4, 2025
National

കവയിത്രി മധുമിത ശുക്ല കൊലക്കേസ്: 17 വർഷത്തിന് ശേഷം യുപി മുൻ മന്ത്രിയും ഭാര്യയും ജയിൽ മോചിതരാകുന്നു;

വൻ കോളിളക്കം സൃഷ്ടിച്ച കവയിത്രി മധുമിത ശുക്ല കൊലക്കേസിൽ പ്രതിയും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അമർമണി ത്രിപാഠി ജയിൽ മോചിതനാകുന്നു. 17 വർഷമായി ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ത്രിപാഠിയെ മോചിപ്പിക്കുന്നതിനുള്ള ഉത്തരവ് പുറത്തിറങ്ങി. കൂട്ടുപ്രതിയും ത്രിപാഠിയുടെ ഭാര്യയുമായ മധുമണി ത്രിപാഠിയുടെ ശിക്ഷയും ഇളവ് ചെയ്തിട്ടുണ്ട്. ‘നല്ല നടപ്പ്’ പരിഗണിച്ചാണ് ഇവരെ വിട്ടയക്കുന്നതെന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്.

ത്രിപാഠി ദമ്പതികളുടെ മോചനത്തെ എതിര്‍ത്ത് മധുമിത ശുക്ലയുടെ സഹോദരി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ പ്രതികളെ മോചിപ്പിക്കാനുള്ള ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തില്ല. ത്രിപാഠിയുടെ മോചനത്തിൽ ഇടപെടാൻ വിസമ്മതിച്ച കോടതി, എട്ട് ആഴ്ചയ്ക്കുള്ളിൽ യുപി സർക്കാരിനോട് മറുപടി നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അതേസമയം ജയിലിലെ ‘നല്ല നടപ്പ്’ പരിഗണിച്ച് ഇത്തരം മോചനങ്ങൾ സാധാരണമാണെന്ന് യുപി ജയിൽ മന്ത്രി ധരംവീർ പ്രജാപതി നേരത്തെ പറഞ്ഞിരുന്നു.

‘ജയിലിൽ തടവുകാർ എങ്ങനെ പെരുമാറുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം മോചനങ്ങൾ നടക്കുന്നത്. മുഖ്യമന്ത്രി (യോഗി ആദിത്യനാഥ്), ഗവർണർ (ആനന്ദിബെൻ പട്ടേൽ) എന്നിവരുടെ ഉത്തരവുകൾക്ക് ശേഷമാണ് ഫയൽ നീക്കം നടക്കുന്നതും നടപടിയെടുക്കുന്നതും. ഇങ്ങനെയാണ് കാര്യങ്ങൾ പുരോഗമിക്കുന്നത്’- ധരംവീർ പ്രജാപതി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *