Wednesday, January 8, 2025
National

മണിപ്പൂർ കലാപം: യുകെയിൽ എസ്എഫ്ഐയുടെ പ്രതിഷേധം

വർഗീയ സംഘർഷം തുടരുന്ന വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ. സംസ്ഥാനത്ത് തുടരുന്ന അക്രമത്തിനും രക്തച്ചൊരിച്ചിലിനും എതിരെ സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ-യുണൈറ്റഡ് കിംഗ്ഡം പ്രവർത്തകർ പ്രതിഷേധിച്ചു. ലണ്ടൻ, എഡിൻബർഗ്, പോർട്ട്സ്മൗത്ത് എന്നിവിടങ്ങളിലായിരുന്നു പ്രതിഷേധം. മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിംഗ് ഉടൻ രാജിവയ്ക്കണമെന്നും വിഷയത്തിൽ പ്രധാനമന്ത്രി മൗനം വെടിയണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.

ഇക്കഴിഞ്ഞ മേയ് 3-നാണ് മണിപ്പൂരിലെ സംഘർഷങ്ങളുടെ തുടക്കം. പട്ടികവർഗ (എസ്ടി) പദവിക്കായുള്ള മെയ്തി സമുദായത്തിന്റെ ആവശ്യത്തിനെതിരേ ചുരാചന്ദ്പുർ ജില്ലയിൽ ‘ആദിവാസി ഐക്യദാർഢ്യ മാർച്ച്’ സംഘടിപ്പിച്ചതോടെയാണ് സംഘർഷങ്ങൾക്ക് തുടക്കമായത്. മാർച്ചിനിടെ സായുധരായ പൊലീസ് മെയ്തി വിഭാഗത്തിൽപ്പെട്ട ആളുകളെ ആക്രമിച്ചു, ഇത് താഴ്വരയിലെ ജില്ലകളിൽ പ്രതികാര മനോഭാവത്തോടെയുള്ള ആക്രമണങ്ങളിലേക്ക് നയിച്ചു. ഇത് സംസ്ഥാനത്തുടനീളം വ്യാപിക്കുകയായിരുന്നു. ആക്രമണസംഭവങ്ങളിൽ ഇതുവരെ 160 മരണങ്ങൾ റിപ്പോർട്ടു ചെയ്യപ്പെട്ടു.

കൂടാതെ, നിരവധിപേർക്ക് പരിക്കേറ്റു. ക്രൂരമായ കുറ്റകൃത്യങ്ങളാണ് മണിപ്പൂരിൽ നടക്കുന്നത്. വിരമിച്ച സൈനികന്റെ ഭാര്യ ഉൾപ്പെടെയുള്ള സ്ത്രീകളെ നഗ്നയായി റോഡിലൂടെ നടത്തിക്കുന്നതിൻ്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. നാല് കോണിൽ നിന്നും അതിരൂക്ഷ വിമർശങ്ങൾ ഉയർന്നതോടെ ഗത്യന്തരമില്ലാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിഷയത്തിൽ മൗനം വെടിയേണ്ടിവന്നു. സംഭവം തന്നെ വല്ലാതെ ദുഖിപ്പിച്ചെന്നായിരുന്നു മോദി പറഞ്ഞത്. മോദി പാർലമെന്റിൽ മറുപടി പറയണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തോട് പ്രധാനമന്ത്രി മൗനം തുടരുകയാണ്. മണിപ്പൂർ വിഷയത്തിൽ തുടർച്ചയായി നാലാം ദിവസവും പാർലമെന്റിന്റെ ഇരുസഭകളും പ്രക്ഷുബ്ധമാണ്.

Leave a Reply

Your email address will not be published. Required fields are marked *