Tuesday, January 7, 2025
National

‘കുറ്റവാളികൾക്ക് വധശിക്ഷ പരിഗണിനയിൽ’; സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവത്തിൽ മണിപ്പൂർ മുഖ്യമന്ത്രി

മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിച്ച പ്രതികൾക്ക് വധശിക്ഷ നൽകുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്. രാജ്യത്തുടനീളം പ്രതിഷേധം ഉയർന്നതോടെയാണ് പ്രതികരണം. അതേസമയം സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നും ദേശീയ വനിതാ കമ്മീഷൻ പ്രതികരിച്ചു.

ബുധനാഴ്ചയാണ് കലാപകാരികൾ രണ്ട് സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിക്കുന്നതിൻ്റെ മനുഷ്യത്വരഹിതമായ വീഡിയോ പുറത്തുവന്നത്. രണ്ട് മാസം മുൻപ് നടന്ന ക്രൂരതയുടെ വീഡിയോ സമൂഹമാധ്യമത്തിൽ വൈറലായതോടെ മണിപ്പുർ വിഷയത്തിൽ പ്രതിഷേധം ആളിക്കത്തുകയാണ്. മണിപ്പൂർ വിഷയത്തിൽ മൗനം വെടിഞ്ഞ പ്രധാനമന്ത്രി സംഭവം ലജ്ജാകരമാണെന്ന് പറഞ്ഞു. വീഡിയോ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതികളിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

അതേസമയം വീഡിയോയുടെ അടിസ്ഥാനത്തിൽ സുപ്രീംകോടതി സ്വമേധയാ റിപ്പോർട്ട് തേടിയിട്ടുണ്ട്. വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ച് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്, ഇത് അംഗീകരിക്കാനാകില്ലെന്നും സംഭവത്തിൽ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നും ദേശീയ വനിതാ കമ്മീഷനും പ്രതികരിച്ചു.

രാജസ്ഥാനിൽ നിന്നും മണിപ്പൂരിൽ നിന്നും ഇത്തരം നിരവധി സംഭവങ്ങൾ പുറത്തുവരുന്നുണ്ട്. ഭരണകൂടവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും, പ്രതികൾ ശിക്ഷിക്കപ്പെടുമെന്നും NCW മേധാവി രേഖ ശർമ്മ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *