സ്‌കൂളിലെത്തിയ പ്ലസ് ടു വിദ്യാര്‍ഥിനി ഹോസ്റ്റലിലേക്ക് മടങ്ങി,തിരുവള്ളൂരില്‍ പ്ലസ് ടു വിദ്യാർഥിനി ജീവനൊടുക്കി
ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവള്ളൂരില്‍ മറ്റൊരു വിദ്യാര്‍ഥിനി കൂടി ജീവനൊടുക്കി. രാവിലെ സ്‌കൂളിലെത്തിയ പ്ലസ് ടു വിദ്യാര്‍ഥിനി ഹോസ്റ്റലിലേക്ക് മടങ്ങിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു.ദിവസങ്ങള്‍ക്ക് മുന്‍പ് കള്ളക്കുറിച്ചിയിലും സമാനമായ രീതിയില്‍ പ്ലസ് ടുവിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തിരുന്നു.
സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പ്രദേശത്ത് വന്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.രാവിലെ സ്‌കൂളില്‍ എത്തിയ വിദ്യാര്‍ഥിനി പിന്നീട് ഹോസ്റ്റല്‍ മുറിയിലേക്ക് മടങ്ങുകയായിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തിരികെ വിദ്യാര്‍ഥിനി എത്താത്തതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ഹോസ്റ്റല്‍ ജീവനക്കാരെ അറിയിക്കുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു.
കള്ളക്കുറിച്ചിയില്‍ വിദ്യാര്‍ഥിനി മരിച്ചതിന് പിന്നാലെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് സ്വകാര്യ സ്‌കൂള്‍ തകര്‍ക്കുകയും നിരവധി സ്‌കൂള്‍ ബസുകള്‍ കത്തിക്കുകയും ചെയ്തിരുന്നു. ഈ പ്രശ്‌നം കൈകാര്യം ചെയ്തതില്‍ പൊലീസ് വീഴ്ചയുണ്ടായെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് തിരുവള്ളൂര്‍ പ്രദേശത്ത് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.