നിലപാട് കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍; സമൂഹ മാധ്യമങ്ങള്‍ക്ക് നോട്ടീസ് അയച്ച് ഐടി മന്ത്രാലയം
ന്യൂഡല്‍ഹി: സമൂഹ മാധ്യമങ്ങള്‍ക്ക് നോട്ടീസ് അയച്ച് കേന്ദ്രസര്‍ക്കാര്‍. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ എന്നിവയ്ക്കാണ് കേന്ദ്രം നോട്ടീസ് അയച്ചത്. കേന്ദ്രം പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടി വരുമെന്ന് കാണിച്ച് ഐ.ടി മന്ത്രാലയത്തിന്റേതാണ് നടപടി.
സമൂഹ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ഇക്കഴിഞ്ഞ ഫെബ്രുവരി 25ന് ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡ് 2021 എന്ന പേരില്‍ നിലവിലെ നിയമങ്ങള്‍ പരിഷ്‌കരിക്കുമെന്ന് കേന്ദ്ര നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ്, വാര്‍ത്ത വിനിമയകാര്യ മന്ത്രി പ്രകാശ് ജാവദേക്കര്‍ എന്നിവര്‍ അറിയിച്ചിരുന്നു. ഈ നിയമങ്ങള്‍ രണ്ട് ദിവസത്തിനുള്ളില്‍ പ്രാബല്യത്തില്‍ വരും. പുതുക്കിയ നിയമങ്ങള്‍ അനുസരിച്ചില്ലെങ്കില്‍ അവയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാനും ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കാനും കേന്ദ്രത്തിന് അധികാരമുണ്ട്.
ഫേസ്ബുക്ക്, വാട്‌സ് ആപ്പ്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, ട്വിറ്റര്‍ എന്നീ സോഷ്യൽ മീഡിയ മെസേജിംഗ് ആപ്പുകൾക്കും യൂട്യൂബ്, ആമസോണ്‍ പ്രൈം, നെറ്റ്ഫ്ലിക്സ്, ഹോട്ട് സ്റ്റാര്‍ തുടങ്ങിയ വീഡിയോ പ്ലാറ്റ് ഫോമുകൾക്കും എല്ലാത്തരം ഓണ്‍ലൈൻ ന്യൂസ് ചാനലുകൾക്കും എൻ്റര്‍ടെയ്ൻമെൻ്റ പോര്‍ട്ടലുകൾക്കും പുതിയ നിയമം ബാധകമായിരിക്കും.