അടിയന്തരമായി വെടിനിർത്തൽ വേണം, പ്രശ്‌നം ചർച്ചയിലൂടെ പരിഹരിക്കണം: പുടിനോട് മോദി
യുക്രൈനിൽ യുദ്ധം തുടരുന്നതിനിടെ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ടെലഫോണിൽ സംസാരിച്ചു. നിലവിലെ സാഹചര്യങ്ങൾ ഇരു നേതാക്കളും വിലയിരുത്തി. ചർച്ചയിലൂടെ പ്രശ്‌ന പരിഹാരമുണ്ടാകണമെന്ന് മോദി പുടിനോട് ആവശ്യപ്പെട്ടു. വെടിനിർത്തൽ അടിയന്തരമായി ഉണ്ടാകണമെന്നും മോദി ആവശ്യപ്പെട്ടതായാണ് സൂചന
ഇന്ത്യക്കാരുടെ സുരക്ഷ സംബന്ധിച്ച ആശങ്ക മോദി പുടിനെ ധരിപ്പിച്ചു. ഇന്ത്യക്കാരുടെ സുരക്ഷിതമായ ഒഴിപ്പിക്കലിന് പ്രാധാന്യം നൽകണമെന്ന നിലപാട് മോദി അറിയിച്ചു. ഇരു രാജ്യങ്ങളുമായുള്ള ആശയ വിനിമയം നയതന്ത്ര തലത്തിൽ തുടരും.
യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനായി ഓൺലൈൻ രജിസ്‌ട്രേഷൻ തുടങ്ങിയിട്ടുണ്ട്. ഇരുപതിനായിരത്തോളം ഇന്ത്യക്കാരെയാണ് ഇവിടെ നിന്ന് ഒഴിപ്പിക്കേണ്ടത്. കീവിലെ എംബസി അടക്കില്ല. പൗരൻമാരെ താമസിപ്പിക്കാൻ കൂടുതൽ സൗകര്യമൊരുക്കും. യുക്രൈന്റെ പടിഞ്ഞാറൻ ഭാഗത്തേക്ക് നീങ്ങാൻ പൗരൻമാർക്ക് നിർദേശം നൽകും. ഇതിനോടകം നാലായിരം പേരെ ഒഴിപ്പിച്ചതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.