ബൈക്കിൽ പോകവെ കുടുംബത്തെ ആക്രമിച്ച പുലിയെ യുവാവ് കൊലപ്പെടുത്തി
കർണാടകയിൽ ബൈക്കിൽ കുടുംബത്തോടൊപ്പം പോകവെ ആക്രമിച്ച പുലിയെ യുവാവ് കീഴ്‌പ്പെടുത്തി. ഏറ്റുമുട്ടലിൽ പുലി ചാകുകയും ചെയ്തു. ഹാസൻ അർസിക്കര ഗ്രാമത്തിലെ രാജഗോപാൽ നായിക്, ഭാര്യ ചന്ദ്രമ്മ, മകൾ കിരൺ എന്നിവർ ബൈക്കിൽ പോകവെയാണ് പുലിയുടെ ആക്രമണമുണ്ടായത്.
കിരണിന്റെ കാലിൽ കടിച്ച ശേഷം പുലി ചന്ദ്രമ്മയെ ആക്രമിക്കാൻ ശ്രമിച്ചു. ഈ സമയം രാജഗോപാൽ പുലിയുടെ കഴുത്തിൽ പിടിമുറുക്കി. പുലി തിരിച്ച് ആക്രമിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഒടുവിൽ ശ്വാസം മുട്ടി പുലി ചാകുകയായിരുന്നു
ബഹളം കേട്ടുവന്ന നാട്ടുകാരാണ് രാജഗോപാലിനെയും കുടുംബത്തെയും ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അതേസമയം നാട്ടുകാരും കൂടി ചേർന്നാണ് പുലിയെ കൊന്നതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. കുടുംബത്തെ പുലിയുടെ ആക്രമണത്തിൽ നിന്ന് രക്ഷിച്ച രാജഗോപാലിന് കെപിസിസി പ്രസിഡന്റ് ഡി കെ ശിവകുമാർ 25,000 രൂപ പാരിതോഷികം നൽകി