ലഖിംപൂർ ഖേരി കേസിൽ ആശിഷ് മിശ്രയ്ക്ക് ജാമ്യം
ലഖിംപൂർ ഖേരി കേസിൽ ആശിഷ് മിശ്രയ്ക്ക് ജാമ്യം. സുപ്രിം കോടതിയാണ് ജാമ്യം നൽകിയത്. എട്ടാഴ്ചത്തേക്കുള്ള ജാമ്യമാണ് ഇടക്കാല ജാമ്യമാണ് അദ്ദേഹത്തിന് അനുവദിച്ചിരിക്കുന്നത്. വളരെ കർശനമായ വ്യവസ്ഥകൾ ജാമ്യത്തിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. തനിക്ക് സ്വാഭാവിക മനുഷ്യ നീതി നിഷേധിക്കപ്പെട്ടു എന്ന ആരോപണമാണ് ആശിഷ് മിശ്ര പ്രധാനമായി മുന്നോട്ട് വച്ചിരുന്നത്.
നേരത്തെ അലഹബാദ് ഹൈക്കോടതി ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്നാണ് സുപ്രിം കോടതിയെ സമീപിച്ചത്. വിഷയത്തിൽ സുപ്രിം കോടതി വാദം കേൾക്കുകയും ജസ്റ്റിസ് സൂര്യകാന്ത് മിശ്ര, ജെകെ മഹേശ്വരി എന്നിവർ അധ്യക്ഷനായിട്ടുള്ള ബെഞ്ച് പല ഘട്ടങ്ങളിൽ സർക്കാരിൻറെ അഭിപ്രായങ്ങൾ ആരായുകയും ചെയ്തിരുന്നു. പക്ഷേ എല്ലാ ഘട്ടത്തിലും ഈ ജാമ്യത്തെ യുപി സർക്കാർ എതിർത്തു. ഈ ഒരു സാഹചര്യത്തിലാണ് തനിക്ക് ആരോഗ്യപരമായിട്ടുള്ള പ്രശ്നങ്ങളുണ്ടെന്നും നിരപരാധിത്വം തെളിയിക്കുന്നതിന് താൻ പുറത്ത് വരേണ്ടത് അനിവാര്യമാണ് എന്നും ആശിഷ് മിശ്ര കോടതിയെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.
ജയിലിന് പുറത്തേക്ക് വന്ന് ഒരാഴ്ചക്കുള്ളിൽ യുപി വിടണം എന്നുള്ളതാണ് നിർദ്ദേശം. യുപിയിലോ ഡൽഹിയിലോ തങ്ങരുത് എന്നും കോടതി നിർദ്ദേശമുണ്ട്.
ആശിഷ് മിശ്രയുടെ സഹായികളിലൊരാൾ സാക്ഷിയെ ആക്രമിച്ചെന്ന് പരാതി ഉയർന്നിരുന്നു. കഴിഞ്ഞ ഡിസംബറിലായിരുന്നു സംഭവം. കേസിലെ പ്രധാന സാക്ഷിയായ പ്രബ്ജോത് സിംഗിനെയും അനുജൻ സർവജീത് സിംഗിനെയും വാൾ കൊണ്ട് ആക്രമിച്ചു എന്നാണ് പരാതി. ആക്രമണത്തിൽ സർവജീത് സിംഗിന് പരുക്കേറ്റു. എന്നാൽ, പ്രബ്ജോത് സിംഗ് പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
ആക്രമണത്തിനു പിന്നിൽ പ്രതി ആശിഷ് മിശ്ര ആണെന്ന് പ്രബ്ജോത് സിംഗ് ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം പരാതിനൽകുകയും ചെയ്തു. എന്നാൽ, ആക്രമണത്തിനു പിന്നിൽ ആശിഷ് മിശ്രയല്ലെന്ന് പൊലീസ് പറയുന്നു. രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു ഇതെന്നും പൊലീസ് അവകാശപ്പെടുന്നു.
2021 ഒക്ടോബർ മൂന്നിന് ലഖിംപൂർ ഖേരിയിൽ നടന്ന ആക്രമണത്തിലെ ദൃക്സാക്ഷികളിൽ ഒരാളാണ് ദിൽബഗ് സിംഗ്. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര തൻ്റെ വാഹനം കാർഷിക ബില്ലിനെതിരായ പ്രതിഷേധത്തിനു നേരെ ഇടിച്ചുകയറ്റുകയായിരുന്നു. സംഭവത്തിൽ 4 കർഷകരും ഒരു മാധ്യമപ്രവർത്തകനും അടക്കമുള്ളവർ കൊല്ലപ്പെട്ടു.