ത്രിപുരയിൽ സീറ്റ് ധാരണ: സിപിഎമ്മിന് 43 കോൺഗ്രസിന് 13 നാല് സീറ്റ് ഇടത് കക്ഷികൾക്കും സ്വതന്ത്രനും
അഗർത്തല: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം 43 സീറ്റിൽ മത്സരിക്കും. കോൺഗ്രസ് 13 സീറ്റിലാണ് മത്സരിക്കുക. ആകെ 60 സീറ്റുകളിലേക്കാണ് മത്സരം. അവശേഷിക്കുന്ന നാല് സീറ്റുകളിൽ ഒരിടത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയെ ഇടതുപക്ഷം നിർത്തും. ബാക്കിയുള്ള മൂന്നിടത്ത് സിപിഐ, ഫോർവേഡ് ബ്ലോക്, ആർഎസ്‌പി എന്നീ പാർട്ടികൾ മത്സരിക്കും.
ദീർഘകാലം സംസ്ഥാനത്ത് മുഖ്യമന്ത്രിയായിരുന്ന സിപിഎമ്മിന്റെ പൊളിറ്റ് ബ്യൂറോ അംഗം മണിക് സർക്കാർ ഇത്തവണ മത്സരിക്കില്ലെന്ന് പാർട്ടി വ്യക്തമാക്കിയിട്ടുണ്ട്. സിപിഎമ്മിന്റെ സ്ഥാനാർത്ഥി പട്ടികയിൽ 24 പേർ പുതുമുഖങ്ങളാണ്. അതേസമയം ഇടത് പാർട്ടികളും കോൺഗ്രസും പരസ്പര ധാരണയോടെ മത്സരിക്കുമ്പോൾ സംസ്ഥാനത്ത് തിപ്ര മോത പാർട്ടിയുമായി ഇവർ യാതൊരു ധാരണയും പുലർത്തില്ല.
മണിക് സർക്കാർ സ്ഥിരമായി മത്സരിച്ച് ജയിച്ചിരുന്ന ധാൻപൂർ നിയമസഭാ സീറ്റിൽ ഇത്തവണ സിപിഎമ്മിന്റെ പുതുമുഖ സ്ഥാനാർത്ഥി കൗശിക് ചന്ദ മത്സരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.