എൽ ഡി എഫിൽ സീറ്റ് ചർച്ചകൾ ഇന്നും തുടരും; കേരളാ കോൺഗ്രസ് എമ്മുമായി ഉഭയകക്ഷി ചർച്ച
നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച് എൽ ഡി എഫിൽ ഇന്നും ചർച്ചകൾ തുടരും. കേരളാ കോൺഗ്രസ് എം നേതാക്കൾ ഇന്ന് സിപിഎം നേതാക്കളുമായി ചർച്ച നടത്തും. 15 സീറ്റുകൾ വേണമെന്നാണ് കേരളാ കോൺഗ്രസിന്റെ നിലപാട്. എന്നാൽ 10 സീറ്റുകൾ നൽകാമെന്ന് സിപിഎം പറയുന്നു
12 സീറ്റിൽ കുറഞ്ഞ വിട്ടുവീഴ്ചക്കില്ലെന്ന പിടിവാശിയിലാണ് ജോസ് കെ മാണിയും കൂട്ടരും. ഇതേ തുടർന്നാണ് ചർച്ചകൾ വഴി മുട്ടിയത്. സിപിഎം സംസ്ഥാന സമിതിക്ക് ശേഷമാകും അവസാന വട്ട ചർച്ചയും മുന്നണി യോഗവും ചേരുക. സ്ഥാനാർഥി ചർച്ചകൾക്കായി സിപിഎമ്മിന്റെ കാസർകോട്, കോഴിക്കോട്, പാലക്കാട്, എറണാകുളം, കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങൾ ഇന്ന് ചേരും
എറണാകുളത്ത് കൊച്ചി, തൃപ്പുണിത്തുറ, കോതമംഗലം സീറ്റുകളിൽ സിറ്റിംഗ് എംഎൽഎമാരായ കെ ജെ മാക്‌സി, എം സ്വരാജ്, ആന്റണി ജോൺ എന്നിവർ തന്നെ മത്സരിപ്പിക്കും. അനാരോഗ്യത്തെ തുടർന്ന് മത്സരിക്കാനില്ലെന്ന് എസ് ശർമ പറഞ്ഞെങ്കിലും െൈവപ്പിനിൽ ഒരുതവണ കൂടി നിൽക്കാൻ അദ്ദേഹത്തിന് മേൽ സമ്മർദമുണ്ട്.
കാസർകോട് തൃക്കരിപ്പൂരിൽ സിറ്റിംഗ് എംഎൽഎ എം രാജഗോപാൽ തന്നെ വീണ്ടും മത്സരിക്കും. ഉദുമയിൽ സി എച്ച് കുഞ്ഞമ്പുവിനെ ഉൾപ്പെടെ പരിഗണിക്കുന്നുണ്ട്.