പ്രധാനമന്ത്രി അതിർത്തി ഗ്രാമമായ മനയിലേക്ക്; ഇത്തവണയും സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കും
ഇത്തവണയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീപാവലി ആഘോഷം സൈനികർക്കൊപ്പം. ഉത്തരാഖണ്ഡിലെ ഇന്ത്യ-ചൈന അതിർത്തി ഗ്രാമമായ മനയിലാണ് ദീപാവലി ആഘോഷിക്കാനായി പ്രധാനമന്ത്രി എത്തുക. കഴിഞ്ഞ വർഷം ദീപാവലി ആഘോഷിക്കാൻ ജമ്മുകശ്മീരിലെ നൗഷേരയിൽ പ്രധാനമന്ത്രി എത്തിയിരുന്നു.
2014ൽ മോദി പ്രധാനമന്ത്രിയായി അധികാരമേറ്റതുമുതൽ രാജ്യത്തിന്റെ വിവിധ അതിർത്തികളിലെത്തി ഇന്ത്യൻ സൈന്യത്തോടൊപ്പമാണ് അദ്ദേഹം ദീപാവലി ആഘോഷിച്ചിട്ടുള്ളത്.
ദീപാവലി ആഘോഷിക്കുന്ന ഓരോ പൗരന്മാർക്കും സൈനികർ ആശംസകളും നേർന്നു. അതിർത്തികളിൽ കാവലായി ഞങ്ങളുണ്ടെന്നും നിങ്ങൾ ഭയപ്പെടാതെ കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിക്കു എന്നും കേണൽ ഇക്ബാൽ സിംഗ് പറഞ്ഞു. അതിർത്തിയിൽ ജാഗ്രത പാലിക്കുന്നുണ്ടെന്ന് ഞങ്ങൾ ഉറപ്പുനൽകുന്നെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം അയോദ്ധ്യയിലും ദീപാവലിയാഘോഷങ്ങൾ കെങ്കേമമായി പുരോഗമിക്കുകയാണ്. ആറാമത് ദീപോത്സവമാണ് അയോദ്ധ്യയിൽ ഇത്തവണ നടക്കുന്നത്.