Friday, January 10, 2025
National

‘മോദിയെ അധിക്ഷേപിച്ചെങ്കില്‍ വീഡിയോ എവിടെ, അപ്പോൾ ബിജെപി എംപിമാർ ചിരിച്ചതെന്ത് കൊണ്ട്’: ഡാനിഷ് അലി

ദില്ലി: താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചെങ്കില്‍ അതിന്‍റെ വീഡിയോ എവിടെയെന്ന് ഡാനിഷ് അലി എംപി. മോദിയെ അധിക്ഷേപിച്ചെങ്കില്‍ മറ്റ് ബിജെപി എംപിമാർ ചിരിച്ച് കൊണ്ട് ഇരുന്നത് എന്തിനാണ്. പ്രധാനമന്ത്രിയെ പിന്തുണക്കാൻ അവ‍ർ എത്തിയില്ല എന്നാണോയെന്നും ഡാനിഷ് അലി ചോദിച്ചു. പ്രധാന മന്ത്രിയെ നീച് എന്ന് വിളിച്ചുവെന്ന ബിജെപി ആരോപണത്തിനെതിരെ പ്രതികരിക്കുകയായിരുന്നു ഡാനിഷ് അലി. ഡാനിഷ് അലിക്കെതിരെ പരാതിയുമായി ബിജെപി രംഗത്തെത്തിയിരുന്നു.

ഡാനിഷ് അലി പ്രധാന മന്ത്രിയെ നീച് എന്ന് വിളിച്ചു എന്നാണ് ആക്ഷേപം. ഇതിൽ പ്രകോപിതൻ ആയാണ് രമേശ് ബിദുരി ഡാനിഷ് അലിക്കെതിരെ പരാമർശങ്ങൾ നടത്തിയതെന്നാണ് ബിജെപി വിശദീകരണം. ഇതിൽ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി എംപി നിഷികാന്ത് ദുബെ സ്പീക്കർക്ക് പരാതി നൽകുകയായിരുന്നു. എന്നാൽ പരാതി അടിസ്ഥാനരഹിതമെന്ന് വിശദീകരിച്ച ഡാനിഷ് അലി ബിജെപിയെ പരിഹസിക്കുകയായിരുന്നു. രണ്ട് ദിവസത്തിന് ശേഷം കുറെ കൂടി നല്ല ആരോപണം ഉന്നയിക്കാമായിരുന്നു. പ്രധാനമന്ത്രിയെ അത്തരത്തിൽ ആക്ഷേപിക്കാൻ മാത്രം താൻ തരം താഴ്ന്നിട്ടില്ല. കള്ളം നൂറ് തവണ ആവർത്തിച്ച് സത്യം ആകുന്നത് ബിജെപി – ആർഎസ്എസ് രീതിയെന്നും അദ്ദേഹം പറഞ്ഞു.

പാർലമെന്‍റില്‍ വിദ്വേഷപരാമർശങ്ങള്‍ നടത്തിയ ബിജെപി എംപിക്കെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യം ശക്തമാക്കി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അധ്യക്ഷപദവിയിലുണ്ടായിരുന്ന കൊടിക്കുന്നില്‍ സുരേഷ് ഓം ബിർളക്ക് കത്ത് നല്‍കും. ബഹളത്തിനിടെ രമേശ് ബിദുരി പറഞ്ഞത് താന്‍ കേട്ടിരുന്നില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. അധിർ ര‌ഞ്ജൻ ചൗധരിയേയും സ‌ഞ്ജയ് സിങിനെയുമെല്ലാം വളരെ വേഗം സസ്പെന്‍റ് ചെയ്തിട്ടും ബിജെപി എംപിക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസാണ് സ്പീക്കർ നല്‍കിയത്. ഇതിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ്, എൻസിപി ഉള്‍പ്പെടെയുള്ള പാർട്ടികള്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കി. അവകാശ ലംഘന പ്രമേയം രമേശ് ബിദുരിയക്കെതിരെ കൊണ്ടുവരുമെന്ന് എൻസിപി എംപ സുപ്രിയ സുലെ പറഞ്ഞു. വിഷയം ഗൗരവതരമാണെന്നും ബിജെപി എംപിയില്‍ നിന്നുണ്ടായത് ജനാധിപത്യത്തിന് അപമാനകരമായ പരാമർശങ്ങളെന്ന് കെസി വേണുഗോപാല്‍ എംപിയും പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *