പരോളില്‍ ഇറങ്ങിയവര്‍ ജയിലിലേക്ക് മടങ്ങാറായിട്ടില്ലെന്ന് സുപ്രീം കോടതി; സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിന് സ്റ്റേ
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പരോളില്‍ ഇറങ്ങിയ പ്രതികള്‍ ജയിലിലേക്ക് തിരിച്ചു പോകണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ. കേരളത്തില്‍ നിന്നുള്ള തടവുകാരന്‍ നല്‍കിയ ഹർജിയിലാണ് വിധി. കേരളത്തില്‍ കൊവിഡ് വ്യാപനം രൂക്ഷമാണെന്നും സുപ്രീം കോടതിയുടെ നിലവിലുളള ഉത്തരവിന് എതിരാണ് സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവെന്നും ചൂണ്ടിക്കാട്ടിയുള്ള ഹർജിയാണ് പരിഗണിച്ചത്.
ജയിലുകളിലെ കൊവിഡ് വ്യാപനം തടയാന്‍ സര്‍ക്കാര്‍ കൂട്ടത്തോടെ പരോള്‍ അനുവദിച്ചിരുന്നു. ജയിലുകളിലും കൊവിഡ് ഭീഷണി ഉയര്‍ന്നതോടെ തടവുപുള്ളികളെ പരോളില്‍ വിടാന്‍ ആവശ്യപ്പെട്ട് മെയ് ഏഴിന് സുപ്രീം കോടതി ഉത്തരവിറക്കി. പരോളിലുള്ളവരെ തിരികെ പ്രവേശിപ്പിച്ചാല്‍ സാമൂഹിക അകലം പാലിക്കാനാവില്ലെന്ന നിര്‍ദേശം പരിഗണിച്ച് പരോള്‍ കാലാവധി നീട്ടിനല്‍കുകയും ചെയ്തു. ഉന്നതതല സമിതിയുടെ ശിപാര്‍ശ അനുസരിച്ചായിരുന്നു നടപടികള്‍.