പ്രതിപക്ഷ സഖ്യ ചർച്ചകൾ കൊഴുക്കുമ്പോൾ കൊണ്ടും കൊടുത്തും കോണ്‍ഗ്രസും എഎപിയും; അനുനയത്തിന് നിതീഷ്
ദില്ലി: പ്രതിപക്ഷ സഖ്യ ചർച്ചകൾ പൊടിപൊടിക്കുമ്പോഴും കോൺഗ്രസും ആംആദ്മി പാർട്ടിയും തമ്മിലുള്ള തർക്കം തുടരുന്നു. ദില്ലി ഓർഡിനൻസ് വിഷയത്തിൽ കോൺഗ്രസിനെതിരെ വിമർശനവുമായി എഎപി രംഗത്തെത്തുകയായിരുന്നു. വിഷയത്തിലെ കോൺഗ്രസ് നിലപാട് ദുരൂഹമെന്നാണ് എഎപിയുടെ വിമർശനം. എന്നാൽ രാഹുലിനെതിരെയുള്ള ആരോപണം പിൻവലിക്കണമെന്ന നിലപാടിലാണ് കോൺഗ്രസ്.
പ്രതിപക്ഷ സഖ്യ ചർച്ചകളുമായി ബന്ധപ്പെട്ട് ഇന്നലെ പ്രതിക്ഷ പാർട്ടികളുടെ യോഗം നടന്നിരുന്നു. ഇതിനിടയിലും കടുത്ത നിലപാടുമായി ആം ആദ്മി പാർട്ടി മുന്നോട്ടുപോവുകയാണ് എന്നതാണ് പുതിയ വിവരം. ഷിംല യോഗത്തിൽ പങ്കെടുക്കണമെങ്കിൽ ദില്ലി ഓർഡിനൻസിൽ കോൺഗ്രസ് നിലപാട് പ്രഖ്യാപിക്കണമെന്നാണ് എഎപിയുടെ ആവശ്യം. അതിനായി പാർലമെൻ്റ് സമ്മേളനം വരെ കാത്തിരിക്കേണ്ട ആവശ്യമില്ല. വിഷയത്തിലെ കോൺഗ്രസ് നിലപാട് ദുരൂഹെമെന്നാവർത്തിച്ചും ആം ആദ്മി പാർട്ടി രംഗത്തെത്തിയിരിക്കുകയാണ്. അതേസമയം, രാഹുൽഗാന്ധിയുമായി ബന്ധപ്പെട്ട പരാമർശങ്ങളിൽ കോൺഗ്രസും നിലപാട് കടുപ്പിക്കുകയാണ്.
രാഹുൽ ഗാന്ധിക്കെതിരെ എഎപി വക്താവുന്നയിച്ച ഗൂഢാലോചന ആരോപണം പിൻവലിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ചർച്ചകൾക്ക് ശേഷം മാത്രമേ നിലപാട് പ്രഖ്യാപിക്കൂ. അതേസമയം, തർക്കം മുന്നോട്ടു പോവുന്ന സാഹചര്യത്തിൽ ഇരു കൂട്ടരേയും അനുനയിപ്പിക്കാനാണ് നിതീഷ് കുമാറിന്റെ ശ്രമം. തർക്കത്തിൽ നിതീഷ് കുമാർ ഇടപെടുമെന്നാണ് സൂചന.
ബിജെപിയെ അധികാരത്തിൽ നിന്നും മാറ്റാൻ ഒന്നിച്ച് നിൽക്കാൻ പാറ്റ്നയില്‍ നടന്ന യോഗത്തിൽ പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചു. അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച് പാർട്ടികൾ ഒന്നിച്ച് പോരാടും. പ്രതിപക്ഷ മുഖമായി ഒരു പാർട്ടിയേയും ഉയർത്തിക്കാട്ടില്ല.
ഇന്നുണ്ടായത് വളരെ പ്രതീക്ഷയുണ്ടാക്കുന്ന ചർച്ചകളാണെന്നും പ്രതിപക്ഷ പാർട്ടികളുടെ അടുത്ത യോഗം ജൂലൈയിൽ ഷിംലയിൽ ചേരുമെന്നും ബിഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാർ അറിയിച്ചു. പൊതു മിനിമം പരിപാടി, മണ്ഡലങ്ങളിലെ പൊതു സ്ഥാനാർത്ഥി തുടങ്ങിയ വിഷയങ്ങളിൽ ഷിംല യോഗത്തിലാകും ഐക്യത്തിലെത്തുക. നിതീഷ് കുമാറിന്റെ അധ്യക്ഷതയിലാണ് പ്രതിപക്ഷ പാർട്ടികളുടെ യോഗം ചേർന്നത്. യോഗത്തിൽ കോൺഗ്രസിന് പ്രതിപക്ഷ നിരയിൽ പ്രാമുഖ്യം ലഭിച്ചുവെന്നത് ശ്രദ്ധേയമാണ്. യോഗത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ നിതിഷ് കുമാറിന് ശേഷം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയുമാണ് സംസാരിച്ചത്. ആശയങ്ങൾ തമ്മിലുള്ള പോരാട്ടമെന്നും അഭിപ്രായ വ്യത്യാസം മറന്ന് പ്രതിപക്ഷം ഒരുമിക്കുമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.