Saturday, October 19, 2024
National

മണിപ്പൂരിൽ മന്ത്രിയുടെ ഗോഡൗണിന് ജനക്കൂട്ടം തീയിട്ടു; വസതിക്ക് നേരെ ആക്രമണശ്രമം

ആക്രമണം രൂക്ഷമായ വടക്ക് കിഴക്കൻ സംസ്ഥാനത്തെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഇന്ന് സർവകക്ഷിയോഗം ചേരാനിരിക്കെ മണിപ്പൂരിൽ വീണ്ടും സംഘർഷം. ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ചിംഗരേലിൽ ഉപഭോക്തൃ-ഭക്ഷ്യകാര്യ മന്ത്രിയുടെ ഗോഡൗണിന് ജനക്കൂട്ടം തീയിട്ടു. മന്ത്രിയുടെ വസതിക്ക് നേരെയും ആക്രമണശ്രമം ഉണ്ടായതായി പൊലീസ് അറിയിച്ചു.

മണിപ്പൂർ ഉപഭോക്തൃ-ഭക്ഷ്യകാര്യ മന്ത്രി എൽ സുസീന്ദ്രോയുടെ ചിംഗരേലിലുള്ള സ്വകാര്യ ഗോഡൗണാണ് ഒരു സംഘം ആളുകൾ ശനിയാഴ്ച തീയിട്ട് നശിപ്പിച്ചത്. ഗോഡൗൺ പൂർണമായും കത്തിനശിച്ചതായി പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച രാത്രി ഖുറായിയിലുള്ള മന്ത്രിയുടെ വസതി ആക്രമിക്കാൻ ഒരു സംഘം ശ്രമിച്ചെങ്കിലും സമയോചിതമായ ഇടപെടലിലൂടെ ഇത് തടയാനായെന്ന് പൊലീസ് വ്യക്തമാക്കി.

ആക്രമണം തടയാൻ സുരക്ഷാ സേന അർദ്ധരാത്രി വരെ നിരവധി റൗണ്ട് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചതായി പൊലീസ് കൂട്ടിച്ചേർത്തു. അതേസമയം സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇംഫാൽ വെസ്റ്റ് ജില്ലയിലെ ലാംഫെൽ ഏരിയയിൽ സംസ്ഥാന വനിതാ മന്ത്രി നെംച കിപ്‌ജെന്റെ ഔദ്യോഗിക വസതി ജൂൺ 14 ന് രാത്രി അജ്ഞാതർ തീയിട്ടിരുന്നു. അടുത്ത ദിവസം കേന്ദ്രമന്ത്രി ആർ.കെ.രഞ്ജൻ സിങ്ങിന്റെ വീടിന് നേരെയും ആക്രമണമുണ്ടായി.

മെയ്തേയ്, കുക്കി വിഭാഗങ്ങൾ തമ്മിലുള്ള വംശീയ കലാപത്തിൽ വടക്കുകിഴക്കൻ സംസ്ഥാനത്ത് ഇതുവരെ 100-ലധികം ആളുകൾ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. അതേസമയം മണിപ്പൂരിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഇന്ന് സർവകക്ഷിയോഗം ചേരും. രാജ്യതലസ്ഥാനത്ത് ഉച്ചകഴിഞ്ഞ് മൂന്നിനാണ് യോഗം.

Leave a Reply

Your email address will not be published.