Wednesday, April 16, 2025
National

ഹിജാബ് നിരോധനം പിൻവലിക്കുന്നത് പരിഗണനയിലുണ്ടെന്ന് കർണാടക സർക്കാർ

സംസ്ഥാനത്ത് ഹിജാബ് നിരോധനം പിൻവലിക്കുന്നത് പരിഗണനയിലുണ്ടെന്ന് കർണാടക സർക്കാർ. ആംനസ്റ്റി ഇന്ത്യയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് ഹിജാബ് നിരോധനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടത്. ഇക്കാര്യം പരിഗണനയിലുണ്ടെന്ന് മന്ത്രി ഡോ. ജി പരമേശ്വരൻ മറുപടി നൽകി.

“എന്ത് ചെയ്യാൻ കഴിയുമെന്ന് ഞങ്ങൾ ഭാവിയിൽ തീരുമാനിക്കും. ഇപ്പോൾ കർണാടകയിലെ ജനങ്ങൾക്ക് നൽകിയ അഞ്ച് വാഗ്ധാനങ്ങൾ പൂർത്തീകരിക്കേണ്ടതുണ്ട്.”- അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബിജെപി ഏര്‍പ്പെടുത്തിയ ഹിജാബ് നിരോധനം എടുത്തുകളയുമെന്ന് നിയുക്ത എംഎല്‍എ കനീസ് ഫാത്തിമ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസിലെ ഏക മുസ്‍ലിം വനിതാ എംഎല്‍എയായ കനീസ വിജയ പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ദേശീയ മാധ്യമമായ ദി സ്ക്രോളിനോട് ആയിരുന്നു പ്രതികരണം.

ബിജെപിയുടെ ചന്ദ്രകാന്ത് ബി. പാട്ടീലിനെ 2,712 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ഉത്തര ഗുൽബർഗയിൽ കനീസയുടെ വിജയം.കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ജയിച്ച ഏക മുസ്ലിം വനിതാ സ്ഥാനാർത്ഥി കൂടിയാണ് കനീസ് ഫാത്തിമ.

“ഉടൻ തന്നെ ഞങ്ങൾ ഹിജാബ് നിരോധനം എടുത്തുമാറ്റും. ഹിജാബിന്റെ പേരിൽ പുറത്താക്കപ്പെട്ട വിദ്യാർഥിനികളെ ക്ലാസ്‌മുറികളിലേക്ക് തിരിച്ചുകൊണ്ടുവരും. അവർക്ക് ഇനി പരീക്ഷയെഴുതാനാകും. രണ്ടു വിലപ്പെട്ട വർഷമാണ് അവർക്ക് നഷ്ടമായത്.” കനീസ് ഫാത്തിമ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *