ശ്രീലങ്കയിൽ നിന്ന് കൂടുതൽ അഭയാർഥികളെത്താൻ സാധ്യത; ജയിലിലേക്ക് മാറ്റില്ല, ക്യാമ്പിൽ പാർപ്പിക്കും
ആഭ്യന്തര സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ശ്രീലങ്കയിൽ നിന്നും ഇന്ത്യയിലേക്ക് പാലായനം ചെയ്ത അഭയാർഥികളെ ജയിലിലേക്ക് മാറ്റില്ല. രാമേശ്വരത്ത് എത്തുന്ന അഭയാർഥികളെ ക്വാമ്പുകളിലേക്ക് മാറ്റാനാണ് തീരുമാനം. ഇന്നലെ എത്തിയ 15 അഭയാർഥികളെ രാമേശ്വരത്തെ ക്യാമ്പിലേക്ക് മാറ്റി.
നേരത്തെ ഇവരെ പുഴൽ സെൻട്രൽ ജയിലിലേക്ക് മാറ്റാനായിരുന്നു തീരുമാനം.ഇന്നലെ ശ്രീലങ്കയിൽ നിന്നും ഇന്ത്യയിലേക്ക് കടന്നവർ കോസ്റ്റ് ഗാർഡിന്റെ പിടിയിലാവുകയായിരുന്നു. തമിഴ്നാട്ടിലെ രാമേശ്വരം തീരത്ത് വെച്ചാണ് ഇവർ പിടിയിലായത്. ആദ്യം ആറംഗ സംഘമായിരുന്നു എത്തിയത്. ആറ് പേരിൽ മൂന്ന് പേർ കുട്ടികളാണ്.
വൈകുന്നേരത്തോടെ രണ്ടാമത്തെ സംഘവുമെത്തി. ഇന്നും നാളെയും കൂടുതൽ പേർ എത്തുമെന്നാണ് അധികൃതർ കരുതുന്നത്. ഈ സാഹചര്യത്തിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വരുന്നവരെ പാർപ്പിക്കാൻ തൂത്തുക്കുടി, രാമേശ്വരം മേഖലയിൽ 67 ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്.